രാജ്യത്ത് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നത് കേരളത്തിലെ കൗമാരപ്രായക്കാര്‍

Local News, Malappuram

രാജ്യത്ത് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നത് കേരളത്തിലെ കൗമാരപ്രായക്കാരാണെന്നും ഇതിനെ കരുതലോടെ കൈകാര്യം ചെയ്യണമെന്നും സാഹിത്യകാരനും സോഷ്യല്‍ സൈക്കോളജിസ്റ്റുമായ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. മന്ത്രിസഭാവാര്‍ഷികം പ്രമാണിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ ‘സബല’ കൗമാര ബോധവത്കരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികനീതിവകുപ്പും മലപ്പുറം ഗവണ്‍മെന്റ് കോളേജ് വനിതാസെല്ലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 3600 കൗമാര പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 63 ശതമാനം പേരും അഭിപ്രായപ്പെട്ടത് അവര്‍ക്ക് ഏറ്റവുമിഷ്ടമുള്ള വ്യക്തി അവരോട് സൗഹാര്‍ദപരമായി ഇടപെടുന്ന വ്യക്തിയാണെന്നാണ്. അതിനാല്‍ മുതിര്‍ന്നവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഏകാധിപത്യ സ്വഭാവം ഒഴിവാക്കണം.
‘ഇല്ലത്ത് നിന്നും പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് കൗമാരപ്രായക്കാരുടേത്. കുട്ടിത്തത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള മാറ്റത്തിനിടയില്‍ സ്വയം തിരിച്ചറിയാന്‍ അവരെ സഹായിക്കണം. ഉപദേശം, താരതമ്യം, അടിച്ചേല്‍പ്പിക്കല്‍ എന്നിവയ്ക്ക് പകരം അവരുമായി താദാത്മ്യ (എംപതൈസ്)മാണ് വേണ്ടത്. ഇഷ്ടപ്പെട്ട കോഴ്‌സുകള്‍, പ്രണയം, വിവാഹം, സൗഹൃദം എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം സമ്മര്‍ദ്ദങ്ങള്‍ കൗമാരങ്ങള്‍ അനുഭവിക്കുന്നുണ്ട്. കൗണ്‍സലര്‍മാരും രക്ഷിതാക്കളും അധ്യാപകരും സാമൂഹികപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ചെറുഗ്രൂപ്പുകളില്‍ ആശയവിനിമയം ഫലപ്രദമാവുമെന്നും അതിനാല്‍ അങ്കണവാടി പ്രവര്‍ത്തകര്‍ തൊട്ടടുത്ത പ്രദേശത്തെ കൗമാരപ്രായക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച് സ്വയം തിരിച്ചറിയാനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്നും ഹാഫിസ് മുഹമ്മദ് പറഞ്ഞു.
പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാം അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, വനിതാസെല്‍ കോ-ഓര്‍ഡിനേറ്റര്‍ റംല, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ സി. ആര്‍. വേണുഗോപാലന്‍, കെ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുക, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സഫറുള്ള, ഡയറ്റീഷന്‍ ഗോപികാ രാമന്‍ എന്നിവര്‍ ക്ലാസെടുത്തു.
സബല എന്നാല്‍
11 മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സാമൂഹിക നീതി വകുപ്പ് അങ്കണവാടികള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് സബല- രാജീവ് ഗാന്ധി സ്‌കീം ഫോര്‍ എംപവര്‍മെന്റ് ഓഫ് അഡോളസെന്റ് ഗേള്‍സ്. പോഷകാഹാര വിതരണം, ആരോഗ്യപരിശോധന, വിദ്യാഭ്യാസം, കൗണ്‍സലിങ്, തൊഴില്‍പരിശീലനം എന്നിവയാണ് സബല പദ്ധതിയിലൂടെ നല്‍കി വരുന്നത്.
എല്ലാ അങ്കണവാടികളിലും കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നു. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തിലൊരിക്കല്‍ പഞ്ചായത്ത്തലത്തില്‍ ക്ലബ്ബുകളിലെ അംഗങ്ങളെ ഉള്‍െപ്പടുത്തി കിശോരി ദിവസ് ആഘോഷിക്കും. കുട്ടികള്‍ക്ക് ആരോഗ്യ പരിശോധന, കൗണ്‍സലിങ്, ജീവിത നിപുണിവൈദഗ്ധ്യ പരിശീലനം എന്നിവ നല്‍കുന്നു. നാഷണല്‍ സ്‌കില്‍ െഡവലപ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി തൊഴില്‍ പരിശീലനം നല്‍കുന്നു. സബല പദ്ധതി നടപ്പാക്കുന്നതിന് ഓരോ ഐ.സി.ഡി.എസ് പ്രോജക്ടിനും പ്രതിവര്‍ഷം 3,80,000 രൂപയാണ് അനുവദിക്കുന്നത്.

RELATED NEWS

Leave a Reply