ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി ഡേ കെയര്‍ സെന്ററുകള്‍

Health Tips, Local News, Malappuram

മഞ്ചേരി: ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ജില്ലയിലെ രണ്ട് സര്‍ക്കാര്‍ ഡേ കെയര്‍ സെന്ററുകള്‍ ആശ്വാസമാകുന്നു. കോട്ടക്കലിലെ പറപ്പൂരിലും നിലമ്പൂരിലെ പോത്തുകല്ലിലുമുള്ള സര്‍ക്കാര്‍ ഡേ കെയര്‍ സെന്ററുകളാണ് ഭിന്നശേഷിയുള്ളവര്‍ക്ക് തണലാകുന്നത്. ഇരു സെന്ററുകളിലും മുപ്പത് വീതം ഭിന്നശേഷിക്കാര്‍ക്കാണ് സേവനം നല്‍കുന്നത്.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജീവനക്കാര്‍ വീടുകളിലെത്തി ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരെ  ഡേ കെയര്‍ സെന്ററുകളിലെത്തിക്കും. ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി പരിചരിക്കുന്നതിന് പുറമേ കൈത്തൊഴില്‍ പരിശീലനവും നല്‍കുന്നുണ്ട്. ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരില്‍ റീഹാബിലിറ്റേഷന് സാധ്യതയുള്ളവരെ തെരഞ്ഞെടുത്താണ് പ്രത്യേക പരിചരണവും പരിശീലനവും ആരോഗ്യ വകുപ്പ്  നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു.
ടൈലറിങ്, ആഭരണം, പേപ്പര്‍ കവര്‍, ചോക്ക്, സോപ്പ്  നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് ഡേ കെയര്‍ സെന്ററുകളില്‍ പരിശീലനം. ഇതിന് പുറമേ പുസ്തകങ്ങള്‍ വായിക്കാനും, ടി.വി. കാണാനും സൗകര്യമുണ്ട്. വ്യായാമത്തിന് സഹായിക്കുന്ന കളികളില്‍ ഏര്‍പ്പെടാനും സംവിധാനമുണ്ട്. മൂന്ന് ഒക്വുപ്പേഷണല്‍ തെറാപ്പിസ്റ്റുമാര്‍, മൂന്ന് നഴ്‌സുമാര്‍, മൂന്ന് ശുചീകരണ ജീവനക്കാര്‍ എന്നിവരുടെ സേവനമാണ് ഡേ കെയര്‍ സെന്ററുകളിലുള്ളത്. 2014 ആഗസ്റ്റിലാണ് ജില്ലയില്‍ ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങിയത്. സര്‍ക്കാര്‍ തനത് ഫണ്ടും കേന്ദ്ര വിഹിതവും ഉപയോഗിച്ചാണ് സെന്ററുകളുടെ പ്രവര്‍ത്തനം. പറപ്പൂരിലെ സെന്റര്‍ പുരുഷന്‍മാര്‍ക്കും പോത്തുകല്ലിലേത് സ്ത്രീകള്‍ക്കുമാണ് സേവനം നല്‍കുന്നത്.

RELATED NEWS

Leave a Reply