അപകടം വിട്ടുമാറാതെ ഷൊറണൂര്‍ ജങ്ഷന്‍

Local News, Palakkad

സംസ്ഥാനത്തെ ഏറ്റവുംവലിയ റെയില്‍വേ സ്‌റ്റേഷനായ ഷൊറണൂര്‍ ജങ്ഷനില്‍ അപകടമരണങ്ങള്‍ വിട്ടുമാറുന്നില്ല. ചൊവ്വാഴ്ച തമിഴ്‌നാട് സ്വദേശി മരിച്ചതുള്‍പ്പെടെ ഈവര്‍ഷം ജങ്ഷനില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് ആറുപേരാണ്. ഇതിന്റ ഇരട്ടിവരും അപകടത്തില്‍പ്പെട്ടവരുടെ കണക്ക്. മൂന്നുപേര്‍ മരിച്ചത് പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയ വണ്ടിയില്‍ക്കയറാനുള്ള ശ്രമത്തിനിടെയാണ്. മറ്റ് രണ്ടുപേര്‍ റെയില്‍വേ ജീവനക്കാരായിരുന്നെങ്കിലും അപകടകാരണം സാങ്കേതികവീഴ്ചയായിരുന്നില്ല.വണ്ടി നിര്‍ത്തുന്നതിനുമുമ്പ് ഇറങ്ങാന്‍ശ്രമിച്ചതാണ് ചൊവ്വാഴ്ചത്തെ അപകടത്തിന് വഴിയൊരുക്കിയത്. ഇവിടെനടക്കുന്ന അപകടങ്ങള്‍ റെയില്‍വേയുടെ സുരക്ഷാവീഴ്ചകൊണ്ട് ഉണ്ടാകുന്നതല്ല. എന്‍ജിന്‍ മാറ്റത്തിനായി പത്തും പതിനഞ്ചും മിനിറ്റ് നിര്‍ത്തിയിടുന്ന തീവണ്ടികള്‍ അനവധിയാണ്. വണ്ടികള്‍ നിര്‍ത്തിയിടുമ്പോള്‍ ഭക്ഷണംകഴിക്കാനും മറ്റുമായി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയശേഷം വണ്ടി പുറപ്പെടുമ്പോള്‍ തിരികെ കയറാനായി തിരക്കുകൂട്ടുന്ന യാത്രക്കാര്‍ സ്ഥിരംകാഴ്ചയാണ്. ഒരു വണ്ടിയില്‍ വന്നിറങ്ങി മറ്റൊന്നില്‍ മാറിക്കയറേണ്ട യാത്രക്കാരുടെ ഓട്ടപ്പാച്ചിലും പതിവ്. യാത്രക്കാര്‍ക്കുവേണ്ട സൗകര്യങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ടിക്കറ്റ് കൗണ്ടര്‍, ശൗചാലയം എന്നിവ ആവശ്യത്തിനില്ല. മേല്‍ക്കൂരകളുടെ നീളം കുറവായതിനാല്‍ മഴയും വെയിലും സഹിച്ചുവേണം വണ്ടിയില്‍ക്കയറാന്‍. ഏഴാമത്തെ പ്ലാറ്റ്‌ഫോമില്‍വന്നിറങ്ങി തീവണ്ടി മാറിക്കയറേണ്ട യാത്രക്കാരന് വണ്ടിയുടെ സമയം അറിയണമെങ്കില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തണം. അപകടങ്ങള്‍ കുറയ്ക്കാന്‍ റെയില്‍വേ സുരക്ഷാവിഭാഗം ഷൊറണൂര്‍ ജങ്ഷനില്‍ കുറേ മാറ്റംവരുത്തിയിട്ടുണ്ട്. അതില്‍ പ്രധാനം വണ്ടി സ്‌റ്റേഷന്‍വിടുന്നതിനുമുമ്പ് മണിയടിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. ഇത് ഒരു പരിധിവരെ ഗുണംചെയ്തിട്ടുണ്ടെന്നാണ് റെയില്‍വേയുടെ വാദം.

 

RELATED NEWS

Leave a Reply