ആര്‍ക്ക് വേണം ഈ ഗ്രൗണ്ട്…

Palakkad

പാലക്കാട്: നാലേക്കറുണ്ട് ഗവ. വിക്ടോറിയാകോളേജിന്റെ മൈതാനത്തിന്. ബ്രിട്ടീഷുകാരുടെ കാലത്ത് നന്നായി പരിപാലിക്കപ്പെട്ട ക്രിക്കറ്റ് മൈതാനമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ബി ക്ലാസ് വേദികളിലൊന്നായിരുന്ന ഇവിടെ സ്റ്റാറ്റംസ് പവലിയനിലിരുന്ന് പ്രശസ്തരായ പലരും കളികാണാനെത്തി. ഇന്ന് ഗ്രൗണ്ടിന്റെ സ്ഥിതിയേക്കാള്‍ മോശമാണ് പവലിയന്റെ സ്ഥിതി. കാടുകയറിക്കിടക്കുന്ന ഗ്രൗണ്ടിലും പവലിയനിലും കുട്ടികള്‍ കളിക്കാന്‍പോകുന്നെന്ന് പറഞ്ഞാല്‍ രക്ഷിതാക്കള്‍ വിലക്കും.മഴപെയ്താല്‍ പുറത്തെ മാലിന്യവും വെള്ളവും ഗ്രൗണ്ടിലേക്ക് കുത്തിയൊലിച്ചിറങ്ങും. ഓരോകാലത്തും വിക്ടോറിയയില്‍നിന്ന് മികച്ച കളിക്കാര്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഇന്ന് വല്ലപ്പോഴും ഉയര്‍ന്നുവരുന്ന കളിക്കാര്‍ പുറത്തെ സൗകര്യമുപയോഗിച്ച് സ്വന്തം ശ്രമത്തിലൂടെ രക്ഷപ്പെടുന്നവരാണ്. മികച്ച ഹോസ്റ്റല്‍സൗകര്യമുള്ള വിക്ടോറിയയ്ക്ക് സ്‌പോര്‍ട്‌സ് ഹോസ്റ്റലുള്ള കലാലയം എന്ന സ്ഥാനം നേടാന്‍ കൂടുതല്‍ ശ്രമമൊന്നും വേണ്ട. എന്നാല്‍, അത്തരമൊരു അപേക്ഷ ഇതുവരെ പോയതായി ആരും പറയുന്നില്ല. സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. കോളേജിന്റെ ഗ്രൗണ്ടിനായി പൂര്‍വവിദ്യാര്‍ഥികളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ടുവെക്കുന്ന പദ്ധതികള്‍ക്കുപോലും ഇടങ്കോലിടുന്നവര്‍ കോളേജിനകത്തുതന്നെയുണ്ടെന്ന് അനുഭവസ്ഥര്‍ പറയുമ്പോള്‍ വിശ്വസിച്ചേ പറ്റൂ. ഷാഫി പറമ്പില്‍ എം.എല്‍.എ. കോളേജിന് ഒരു മള്‍ട്ടിപ്പിള്‍ സിന്തറ്റിക് കോര്‍ട്ട് വികസനഫണ്ടില്‍നിന്ന് വാഗ്ദാനം ചെയ്തിരുന്നു. മൈതാനത്തിന്റെ പടിയുടെ പടിഞ്ഞാറുഭാഗത്തായി ഇതിന് സ്ഥലവും കണ്ടെത്തി. ബോള്‍ ബാഡ്മിന്റന്‍, ടെന്നീസ്, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഷട്ടില്‍ എന്നീ അഞ്ചിനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സിന്തറ്റിക് പ്രതലം നിര്‍മിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥി അതിന് സംരക്ഷണസൗകര്യം നല്‍കാമെന്നും ഏറ്റു. പക്ഷേ, ഗ്രൗണ്ടില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കേണ്ടതില്ലെന്ന് ചിലര്‍ തീരുമാനമെടുപ്പിക്കയായിരുന്നു. ജര്‍മനിയില്‍ ജോലിനോക്കുന്ന ഒരു പൂര്‍വ വിദ്യാര്‍ഥി പവലിയന്റെ സംരക്ഷണത്തിന് പത്തുലക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് ഔദ്യോഗികതലത്തില്‍നിന്ന് അനുമതി നേടിയെടുക്കാന്‍പോലും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ഗ്രൗണ്ടില്‍ കളിക്കേണ്ട കളിയേക്കാള്‍ വലിയകളിയും കളിക്കാരും തീരുമാനമെടുക്കേണ്ട വേദികളില്‍ ഉണ്ടായെന്നാണ് കളിക്കാരും കളിയെ സ്‌നേഹിക്കുന്നവരും പറയുന്നത്. പവലിയന്‍ ബാല്‍ക്കണിയോടെ നന്നാക്കിയെടുക്കാന്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥിസംഘടന ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അതിനും താത്പര്യമുണ്ടാവാതായതോടെ പദ്ധതി എങ്ങുമെത്താതായി.

 

RELATED NEWS

Leave a Reply