ഉത്സവക്കാഴ്ചയൊരുക്കി കടപ്പറമ്പത്തുകാവ് വേല

Devotional, Palakkad

പട്ടാമ്പി: വാദ്യവിസ്മയങ്ങളുടെ ഉത്സവക്കാഴ്ചയൊരുക്കി കടപ്പറമ്പത്തുകാവ് വേല ആഘോഷിച്ചു. പള്ളിപ്രം, കിഴായൂര്‍, ഓങ്ങല്ലൂര്‍ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വേലവരവുകള്‍ ചൊവ്വാഴ്ച വൈകീട്ടോടെ കടപ്പറമ്പത്തുകാവില്‍ സംഗമിച്ചു. ഇണക്കാളകള്‍, നാദസ്വരം, പൂക്കാവടി, ദേവനൃത്തം, തെയ്യം, തിറ, പൂതന്‍, വാദ്യഘോഷങ്ങള്‍ എന്നിവ അകമ്പടിയായി. പള്ളിപ്രം ദേശക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ തായമ്പകയും ഉച്ചയ്ക്ക് ചെങ്ങണംകുന്ന് ഭഗവതിക്ഷേത്രത്തില്‍ തായമ്പകയും നടന്നു. തുടര്‍ന്ന് പള്ളിപ്രം, ചെങ്ങണംകുന്ന്, കൊണ്ടൂര്‍ക്കര ദേശങ്ങളില്‍നിന്നുള്ള വേലകളൊന്നിച്ച് നാദസ്വരം, പൂക്കാവടി, ദേവനൃത്തം എന്നിവയുടെ അകമ്പടിയോടെ കടപ്പറമ്പത്തുകാവിലെത്തി. ആറിന് പഞ്ചവാദ്യവും വെടിക്കെട്ടും രാത്രി ഇരട്ടത്തായമ്പകയും നടന്നു.കിഴായൂര്‍ ദേശക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ വാരിയത്തുപറമ്പില്‍ മേളവും ഉച്ചയ്ക്ക് കാട്ടുതൃക്കോവിലില്‍ തായമ്പകയും മേളവും നടന്നു. തുടര്‍ന്ന് തിറ, പൂതന്‍, വേലകള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. മേളം, കരിമരുന്നുപ്രയോഗം, ഇരട്ടത്തായമ്പക എന്നിവയുമുണ്ടായി.ഓങ്ങല്ലൂര്‍ ദേശവേലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗണപതിയന്‍കടവില്‍ തായമ്പകയും ദേശപ്പന്തലില്‍ പഞ്ചാരിമേളവും നടന്നു. വിവിധ ആഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. രാത്രി കാവില്‍ പഞ്ചാരിമേളവും വെടിക്കെട്ടും ഇരട്ടത്തായമ്പകയും നടന്നു.

 

RELATED NEWS

Leave a Reply