പ്രകൃതിയെ സംരക്ഷിക്കാതെ നാടിനു നിലനില്‍പ്പില്ല: മുഖ്യമന്ത്രി

Local News, Palakkad

പ്രകൃതിയെ സംരക്ഷിക്കാതെ നാടിനും ജീവനും നിലനില്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളാ വനംവകുപ്പും സ്മാര്‍ട് പാലക്കാടും സംഘടിപ്പിക്കുന്ന ‘ഗ്രീന്‍ പാലക്കാട് ‘പദ്ധതിയുടെ ഉദ്ഘാടനം ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളയെ മറന്നു കൊണ്ടുളള വികസനം നമുക്കാവശ്യമില്ല. ഇന്നത്തെയും നാളത്തെയും സംരക്ഷണത്തെ കുറിച്ച് ഒരുമിച്ച് ചിന്തിച്ച് പ്രകൃതിയെ നശിപ്പിക്കാനാകാത്ത പ്രവര്‍ത്തികളാവണം നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകപരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ബദാം വൃക്ഷത്തൈ നട്ടുപിടിപ്പിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. ഐ.ടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ മോയന്‍ മോഡല്‍ ഗേള്‍സ് സ്‌കുളിനെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആക്കാനുളള ശ്രമത്തെ പൂര്‍ണമായി പിന്തുണയ്ക്കും.

നിലവില്‍ മോയന്‍സ് സ്‌കൂളിലുള്ള ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിന് വിദ്യാര്‍ഥികളും പി.ടി.ഐ അധികൃതരും ചേര്‍ന്ന് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനം പരിശോധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അക്കാര്യത്തില്‍ തിരുമാനമെടുക്കും.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ.പ്ലസും, 35-ാമത് ദേശീയ ഗെയിംസില്‍ ഖോ.ഖോ ടീമില്‍ പങ്കെടുത്ത് വെള്ളി മെഡല്‍ ലഭിച്ച എസ് വര്‍ഷ, ഇത്തവണത്തെ പ്ലസ്ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഷയത്തില്‍ 1200ല്‍ ഫുള്‍മാര്‍ക്കും ലഭിച്ച സഫ്രീന മന്‍വര്‍, കാശ്മീരില്‍ നടന്ന ദേശീയ ശാസ്ത്രാ ക്യാംപില്‍ പങ്കെടുത്ത മീര ഷെഹാന എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി അഭിനന്ദിച്ചു.

ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. നേച്വര്‍ അപ്രീസിയേഷന്‍ സെന്ററിനുളള സ്ഥല സമര്‍പ്പണം നഗരസഭാ ചെയര്‍മാന്‍ പി.വി രാജേഷ് മുഖ്യമന്ത്രിക്കു കൈമാറി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, നഗരസഭാ വൈസ് ചെയര്‍മാന്‍ എം സഹീദ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ കമല ജി മേനോന്‍, നോര്‍ത്തേണ്‍ റീജിയണല്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി.എസ് വിനോദ്, ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, ഡി.ഡി.ഇ അബൂബക്കര്‍, പി.ടി.എ പ്രസിഡന്റ് എന്‍ ഹരിദാസ്, എസ്.എം.സി ചെയര്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

RELATED NEWS

Leave a Reply