ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ മുല്ലോട്ട് ഡാം

Pathanamthitta

കൊടുമണ്‍: ലക്ഷകണക്കിന് രൂപ െചലവഴിച്ചിട്ടും മുല്ലോട്ട് ഡാം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൊടുമണ്‍ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറേ അതിര്‍ത്തിയിലും പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വടക്ക് കിഴക്കുഭാഗത്തുമായി പാറക്കരയിലാണ് മുല്ലോട്ട് ഡാം സ്ഥിതി ചെയ്യുന്നത്. ചെറുകിട ജലസേചന പദ്ധതിയില്‍ 1970കളിലാണ് മുല്ലോട്ട് ഡാം പണിയുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ക്വട്ലൂമല, കൊടുമണ്‍ പഞ്ചായത്തിലെ ഐക്കരേത്ത് മല എന്നിവയ്ക്കിടയിലാണ് മുല്ലോട്ട് ഡാം. ഈ മലകള്‍ക്കടിഭാഗത്തുകൂടി സമൃദ്ധമായി ഊറ്റല്‍ ആയി എത്തുന്ന വെള്ളം മണ്ണിട്ടുയര്‍ത്തി തടയണകെട്ടി ഡാം ആക്കുകയായിരുന്നു. വെള്ളം നിയന്ത്രിച്ചു വിടാന്‍ ഷട്ടറും നിര്‍മ്മിച്ചു. അക്കാലത്ത് ഡാം നിറഞ്ഞ് വെള്ളമുണ്ടായിരുന്നു. കൈത്തോടിലൂടെ വെള്ളം തട്ടയിലെ ഏലായിലേക്ക് കൊണ്ടുപോയിരുന്നു. കണ്ണാടിവയല്‍, വായനശാല ഏലാ, തോലുഴം ഏലാ, മേനാക്കാല തുടങ്ങിയ ഏലാകളെ ജലസമ്പുഷ്ടമാക്കിയിരുന്നത് മുല്ലോട്ട് ഡാം ആണ്. കാലക്രമേണ മണ്ണിടിഞ്ഞുവീണു ഷട്ടര്‍ തകര്‍ന്നും ഡാമില്‍ വെള്ളം ഇല്ലാതായി. ഡാം നവീകരിക്കാനായി ലോകബാങ്കിന്റെ സഹായത്തോടെ 18 വര്‍ഷം മുമ്പ് പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതിനായി ഗുണഭോക്തൃസമിതിയേയും തിരഞ്ഞെടുത്ത് പ്രവര്‍ത്തനം തുടങ്ങി. ലക്ഷകണക്കിന് രൂപ െചലവഴിച്ചു. പക്ഷേ പദ്ധതി പൂര്‍ത്തിയായില്ല. ലക്ഷകണക്കിന് രൂപ പാഴാക്കിയതല്ലാതെ ഡാമിന്റെ സ്ഥിതി പഴയതിലും പരിതാപകരമായി.ഷട്ടര്‍ തകര്‍ന്ന് മണ്ണിടിഞ്ഞ് വീണ് കിടക്കുന്ന അവസ്ഥയാണ്. ഡാമിനുള്ളില്‍ ചെളിയും മണ്ണും മൂടിയിരുന്നു. ജലനിബിഡമായിരിക്കേണ്ട ഡാമില്‍ വെള്ളം തീരെയില്ല. കുടിവെള്ളത്തിനായും ജലസേചനത്തിനായും ഉപയോഗപ്പെടുത്തേണ്ട ഡാമിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്.

 

RELATED NEWS

Leave a Reply