കുടിയേറ്റത്തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന

Thrissur

തൃശ്ശൂര്‍: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 234 കേന്ദ്രങ്ങളില്‍ ജില്ലാ ആരോഗ്യ വിഭാഗം ക്യാമ്പുകള്‍ നടത്തി.മലേറിയ സംശയിക്കുന്ന 982 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. 53 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ക്ഷയ രോഗമുള്ള 36 പേരുണ്ടെന്നും നാല് പേര്‍ക്ക് വീതം കുഷ്ഠം, മന്ത് എന്നീ രോഗങ്ങളുണ്ടെന്നും സംശയിക്കുന്നു. 82 പേര്‍ക്ക് ത്വക് രോഗങ്ങളും കണ്ടെത്തി. ജില്ലയില്‍ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി ക്യാമ്പുകള്‍ നടത്തിയത്. അവധി ദിനമായ ഞായറാഴ്ച ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനയ്ക്ക് 71 മെഡിക്കല്‍ സംഘങ്ങളാണ് ഇറങ്ങിയത്. 1457 തൊഴിലാളികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ പങ്കെടുത്തു. വൃത്തിയില്ലാത്ത നിലയില്‍ പ്രവര്‍ത്തിക്കുന്ന 11 താമസസ്ഥലങ്ങള്‍ കണ്ടെത്തി. 69 സ്ഥലങ്ങളില്‍ ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ നടത്തി. 1440 പേരാണ് ഈ ക്ലാസുകളില്‍ പങ്കെടുത്തത്. ആരോഗ്യ ബോധവത്കരണത്തിനായി ആയിരത്തോളം ലഘുലേഖകളും പോസ്റ്ററും തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. ജില്ലയില്‍ നിന്ന് നീക്കം ചെയ്ത പല അസുഖങ്ങളും തിരിച്ചെത്തിയതിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മെയ് മാസത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധനയും നടത്തി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ ഏറെ സാധ്യതയുള്ള രീതിയിലാണ് ഇവരുടെ ജീവിതമെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ പരിപാലന കാര്യത്തില്‍ ശ്രദ്ധയൊന്നും ഇല്ലാതെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ഇവര്‍ക്ക് വേണ്ടി താമസ സൗകര്യമൊരുക്കുന്ന കരാറുകാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുമില്ല. ഷീറ്റ് മേഞ്ഞ രീതിയിലുള്ള ചെറിയ സ്ഥലങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സംവിധാനമാണുള്ളത്. രോഗങ്ങള്‍ പിടിപ്പെട്ടാല്‍ പകരാനുള്ള സാധ്യതകളും ഇവര്‍ക്കിടയില്‍ കൂടുതലാണെന്നും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നു.

 

RELATED NEWS

Leave a Reply