ചോരാത്ത വീടിനും ചികിത്സയ്ക്കും അധികൃതരുടെ കനിവ് തേടി പ്രകാശും അമ്മയും

Trivandrum

കല്ലറ: കോരിച്ചൊരിയുന്ന മഴയത്തും കാറ്റത്തും ഒന്നെഴുന്നേല്‍ക്കാന്‍പോലുമാകാതെ പ്ലൂസ്റ്റിക് ടാര്‍പ്പായ മൂടിയ കുടിലിനുള്ളില്‍ തളര്‍ന്നുകിടക്കുന്ന മകനും വൃദ്ധയായ അമ്മയും അധികൃതരുടെ കനിവ് തേടുന്നു.കല്ലറ മഹാദേവര്‍ പച്ച കിഴക്കുംകരപുത്തന്‍ വീട്ടില്‍ പ്രകാശും (43), അമ്മ രാധമ്മ (68)യുമാണ് ജീവിതം വഴിമുട്ടി ദുരിതമനുഭവിക്കുന്നത്. അധികൃതരുടെ കനിവുകാത്ത് കിടക്കുന്നത്.1997ല്‍ 25 വയസ്സുണ്ടായിരുന്ന പ്രകാശ് കല്ലറ നിന്നും കിളിമാനൂരിലേക്ക് ബസില്‍ യാത്രചെയ്യുമ്പോഴുണ്ടായ ദുരന്തമാണ് ഒരു കുടുംബത്തെതന്നെ നിരാലംബമാക്കിയത്. മറ്റൊരു ബസിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട ബസില്‍ നിന്ന് പ്രകാശ് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരപരിക്ക് പറ്റിയതോടെ പ്രകാശ് ശയ്യാവലംബിയാകുകയായിരുന്നു.ഏകമകനായ പ്രകാശിനുണ്ടായ ദുരന്തത്തെതുടര്‍ന്ന് അച്ഛനും മരിച്ചു. തുടര്‍ന്ന് അമ്മയാണ് നാളിതുവരെയും പ്രകാശിന്റെ പ്രാഥമിക കൃത്യങ്ങളുള്‍പ്പടെ ചെയ്തുവരുന്നത്. വൃദ്ധയായ ഇവരെക്കൊണ്ട് ഒരേ കിടപ്പുകിടക്കുന്ന പ്രകാശിനെ ചരിച്ചുകിടത്താനോ മാറ്റിക്കിടത്താനോ കഴിയില്ല. ഒരേ കിടപ്പു കിടന്ന് ഇദ്ദേഹത്തിന്റെ പുറകുവശം വ്രണം ബാധിച്ച നിലയിലാണ്.ആകെയുണ്ടായിരുന്ന മണ്‍കട്ട കെട്ടിയ വീട് അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് പൊളിഞ്ഞ് വീണു. ഇതെതുടര്‍ന്ന് പ്ലൂസ്റ്റിക് ടാര്‍പ്പമൂടിയ കുടിലിലാണ് ഈ അമ്മയും മകനും. വീടിനു വേണ്ടി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതാധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ദീപക് എന്ന യുവാവാണ് ഈ കുടുംബത്തിന് ഏക ആശ്വാസം. കഴക്കൂട്ടത്ത് നിന്ന് സ്വന്തം ബൈക്കില്‍ കല്ലറയെത്തുന്ന ഇദ്ദേഹമാണ് ഡ്രസിങ്ങുള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്നത്. അധികൃതരില്‍ നിന്ന് ചോരാത്ത ഒരു കൊച്ചുവീടും നല്ല ഒരു വാട്ടര്‍ ബെഡുമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകനും.

 

RELATED NEWS

Leave a Reply