പെരുമാതുറ പാലം തുറന്നില്ല; അവസാനഘട്ടത്തില്‍ വീണ്ടും ഇഴച്ചില്‍

Trivandrum

ചിറയിന്‍കീഴ്: പെരുമാതുറ പാലം മെയ് 31നുള്ളില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നുള്ള തുറമുഖ വകുപ്പ് മന്ത്രിയുടെ ഉറപ്പ് നടപ്പായില്ല. അപ്രോച്ച് റോഡിന്റെ പണികള്‍ ഉള്‍പ്പെടെ ഇനിയും നിര്‍മാണ നടപടികള്‍ ബാക്കി നില്‍ക്കെ പാലത്തിലൂടെയുള്ള ഗതാഗതത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്.പാലം പണി ഏറെക്കുറെ പൂര്‍ത്തിയായി. എന്നാല്‍ അപ്രോച്ച് റോഡിന്റെ പണികള്‍ തീരാനുണ്ട്. രണ്ട് മാസം മുന്‍പ്വരെ പാലത്തിന്റെ അനുബന്ധ പണികള്‍ സുഗമമായി നടന്നു. എന്നാല്‍ അന്തിമഘട്ടത്തോടടുക്കെ പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. അപ്രോച്ച് റോഡില്‍ മണ്ണിടുന്ന പണികള്‍ മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണ്. എന്നാല്‍ പൂര്‍ണമായും അത് തീര്‍ന്നിട്ടില്ല. പെരുമാതുറ ഭാഗത്താണ് മണ്ണിടല്‍ ബാക്കി. താഴംപള്ളിഭാഗത്ത് മണ്ണിട്ടു തീര്‍ന്നെങ്കിലും അത് ഉറപ്പിച്ചിട്ടില്ല. പാലത്തിന്റെ കൈവരി നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. അപ്രോച്ച് റോഡ് മണ്ണിട്ട് നേരെയാക്കി ടാറിങ് നടത്തിയാല്‍ മാത്രമേ പാലം മുഴുവനായി ഗതാഗത യോഗ്യമാവൂ. മണ്ണ് കിട്ടാനുള്ള പ്രയാസമാണ് റോഡ് പണിയില്‍ കാലതാമസം വരുത്തുന്നതെന്ന് അധികൃതര്‍ പറയുന്നു.പെരുമാതുറ പാലത്തിന്റെ നിര്‍മാണ പ്രതിസന്ധിയെക്കുറിച്ച് ‘മാതൃഭൂമി’യില്‍ നേരത്തെ പരമ്പരകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാലം പണി വേഗത്തിലാവുകയും പാലത്തിന്റെ അപ്രോച്ച് റോഡിനായി പെരുമാതുറ ഭാഗത്ത് സ്ഥലം കണ്ടെത്തി ഏറ്റെടുക്കുകയും ചെയ്തു.തഴംപള്ളിയില്‍ നിന്ന് പെരുമാതുറയിലേക്കുള്ള പാലത്തിന്റെ എല്ലാതൂണുകളുടെയും പണി തീര്‍ന്നു. പാലം അക്കരെയിക്കരെ മുട്ടുകയും ചെയ്തു. എന്നാല്‍ കടമ്പകള്‍ ബാക്കി നില്‍ക്കുകയാണ്. അപ്രോച്ച് റോഡ് പണി തീര്‍ക്കുകയാണ് ഇനി വേണ്ടത്. പിന്നെ മൊത്തത്തിലുള്ള മെറ്റലിങ്ങും ടാറിങ്ങും നടത്തണം. 2013 മാര്‍ച്ചില്‍ തീര്‍ക്കേണ്ട പണിയാണ് ഇപ്പോഴും ബാക്കി കിടക്കുന്നത്. 2015 മാര്‍ച്ചില്‍ തീരുമെന്ന് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചു പിന്നെ അത് മെയ് മാസത്തില്‍ തീരുമെന്ന് പറഞ്ഞു.ഈ കാലതാമസം പെരുമാതുറയിലെയും ചിറയിന്‍കീഴിലെയും താഴംപള്ളിയിലെയും തീരദേശത്തിന്റെയൊന്നാകെ യും വികസന സ്വപനങ്ങളെ പിന്നോട്ടടിക്കുകയാണ്.

 

RELATED NEWS

Leave a Reply