അച്ചടി സാങ്കേതികവിദ്യ പരിഷ്‌കരിക്കണം : മന്ത്രി കെ.പി. മോഹനന്‍

Wayanad

മേപ്പാടി: അച്ചടിരംഗത്തെ സാങ്കേതികവിദ്യ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. മേപ്പാടി ഗവ. പ്രസ്സില്‍ ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിര്‍ഭാഗ്യവശാല്‍ പുരോഗതിയില്‍ കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന വകുപ്പാണ് അച്ചടിവകുപ്പ്. ഒരു വര്‍ഷം മുമ്പുവരെ അച്ചടിവിഭാഗം വിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്നു. ഈ രംഗത്ത് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. അച്ചടിരേഖകള്‍ സമയബന്ധിതമായും ഗുണമേന്മയിലും തിരിച്ചുകൊടുക്കാന്‍ കഴിയണംആധുനിക സാങ്കേതികവിദ്യയോടൊപ്പം ജീവനക്കാര്‍ മത്സരസന്നദ്ധരായാല്‍ മാത്രമേ, വകുപ്പിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കഴിയൂ മന്ത്രി പറഞ്ഞു.എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മണിക്കൂറില്‍ ഒരു ലക്ഷം പത്രങ്ങള്‍ വരെ അച്ചടിക്കുന്ന വെബ് പ്രിന്റിങ്ങിന്റെ കാലത്ത് 40 വര്‍ഷം മുമ്പുണ്ടായിരുന്ന സാങ്കേതികവിദ്യകൊണ്ട് പ്രവര്‍ത്തിക്കുന്ന അച്ചടിവകുപ്പിനെ പുതിയ യുഗത്തിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, അച്ചടി, സ്‌റ്റേഷനറി വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണസ്വാമി, അച്ചടി വകുപ്പ് ഡയറക്ടര്‍ എന്‍. സുനില്‍കുമാര്‍, ഗവ. പ്രസ്സുകളുടെ സൂപ്രണ്ട് കെ.പി. മണിലാല്‍, ജില്ലാ പഞ്ചായത്തംഗം പ്രകാശ് ചോമാടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല കുഞ്ഞാപ്പ, ബ്ലോക്ക് പഞ്ചായത്തംഗം നസീര്‍ ആലക്കല്‍, ഗ്രാമപ്പഞ്ചായത്തംഗം സി. സഹദേവന്‍, പി.എം. പ്രസന്നസേനന്‍, പി.എ. മുഹമ്മദ്, കെ.കെ. ഹംസ, ടി. ഹംസ, ടി.എ. മാനു, പി. യൂസഫ്, കെ.പി. ദേവയാനി എന്നിവര്‍ സംസാരിച്ചു.പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസി. എക്‌സി. എന്‍ജിനീയര്‍ സിനി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മേപ്പാടി ഗവ. പ്രസ്സിന് 4.2 ഏക്കര്‍ സ്ഥലമാണുള്ളത്. 2012 ജനവരി 11ന് ആരംഭിച്ച ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനും സംരക്ഷണഭിത്തിയോടുകൂടി 100 മീറ്റര്‍ റോഡ്, 150 മീറ്റര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍, വൈദ്യുതീകരണം തുടങ്ങിയവയ്ക്ക് 1,35,90,886 രൂപ ചെലവഴിച്ചു.

 

RELATED NEWS

Leave a Reply