കര്‍ഷകര്‍ ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം : മന്ത്രി കെ.പി. മോഹനന്‍

Wayanad

കല്പറ്റ: ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് സ്വയം മുന്നേറാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. സിവില്‍ സ്‌റ്റേഷനില്‍ തുടങ്ങിയ ഹൈടെക് മണ്ണുപരിശോധനാ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്ത്രീയകൃഷിക്ക് ആധുനിക ഭൗതികസൗകര്യങ്ങള്‍ അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ഏറ്റവും കൂടുതല്‍ പേര്‍ കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്ന വയനാട്ടില്‍ സര്‍ക്കാര്‍ ആധുനിക ലാബോറട്ടറി സ്ഥാപിക്കുന്നത്. അമിതമായ രാസവളപ്രയോഗം മണ്ണിന്റെ ഘടനയെ മാറ്റിമറിക്കുന്നു. ഇതിന്റെ ന്യൂനതകളെല്ലാം പരിഹരിക്കപ്പെടണമെങ്കില്‍ മണ്ണു പരിശോധനതന്നെ വേണം. ഇതിലൂടെ മാത്രമേ, ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. കാര്‍ഷികവൃത്തിയുടെ സുപ്രധാന ഘടകങ്ങളായ സംസ്‌കരണത്തിനും വിപണനത്തിനുമൊപ്പം ശാസ്ത്രീയമായ കാര്‍ഷിക ആശ്രയവും അനിവാര്യമാണ്. താലൂക്ക് തലത്തില്‍ ഈ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വയനാടിന്റെ കാര്‍ഷികമുന്നേറ്റത്തിന് ആധുനിക ഹൈടെക് ലാബോറട്ടറി ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള കൃഷിയിലാണ് വയനാടിന്റെ ഭാവി. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്കുള്ള മണ്ണ് സംരക്ഷണ പദ്ധതിയുടെ ആനുകൂല്യവിതരണവും ലാബോറട്ടറിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും എം.ഐ. ഷാനവാസ് എം.പി നിര്‍വഹിച്ചു.മുട്ടില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡുവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് നിര്‍വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് നെല്‍വയല്‍ സ്ഥിതിവിവര റിപ്പോര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി തോമസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.എന്‍. പ്രേമചന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ജി. സജീവ്, കോഴിക്കോട് പി.പി.ടി.ജി. ടീം ലീഡര്‍ എം. അരുണഗിരി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. മോഹനന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. പ്രകാശന്‍, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് എന്നിവര്‍ സംസാരിച്ചു. 1.6 കോടി രൂപ ചെലവിലാണ് ലാബോറട്ടറി ഒരുക്കിയത്. 33 ലക്ഷം രൂപ കെട്ടിടനിര്‍മാണത്തിനും ഒരു കോടി മൂന്നുലക്ഷം രൂപ സാങ്കേതിക സൗകര്യങ്ങള്‍ക്കുമാണ് വിനിയോഗിച്ചിരിക്കുന്നത്.

 

RELATED NEWS

Leave a Reply