ബത്തേരി മാരിയമ്മന്‍ ക്ഷേത്ര താലപ്പൊലി ഇന്ന്‌

Wayanad

സുല്‍ത്താന്‍ ബത്തേരി: വയനാടിന്റെ ദേശീയോത്സവങ്ങളിലൊന്നായ ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്ര ചൊവ്വാഴ്ച നടക്കും. ക്ഷേത്രോത്സവത്തെ വരവേല്‍ക്കാന്‍ ബത്തേരിയും പരിസരവും ഒരുങ്ങി. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന ബത്തേരിയിലെ മാരിയമ്മന്‍ ക്ഷേത്രോത്സവം ഐതിഹ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്.വയനാടന്‍ കാര്‍ഷികസംസ്‌കൃതിയുടെയും ഗോത്ര സംസ്‌കാരത്തിന്റെയും അഭയകേന്ദ്രമായ മാരിയമ്മയുടെ തിരുവുത്സവം വയനാടിന്റെ വിളവുത്സവം കൂടിയാണ്.ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് ഭക്തരുടെ വരവ് തുടങ്ങും. കര്‍ഷകര്‍ നാണ്യവിളകളുടെ ഒരംശം ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത് നൂറ്റാണ്ടുകളായുള്ള ആചാരമാണ്. വൈകുന്നേരം അഞ്ചുമണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും അന്യസംസ്ഥാനക്കാരും മാരിയമ്മയ്ക്ക് സമര്‍പ്പിക്കാനുള്ള നിറതാലമെടുക്കാന്‍ ക്ഷേത്രമുറ്റത്തെത്തും. ഏഴുമണിയോടെ മഹാഗണപതി ക്ഷേത്രത്തില്‍നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് തുടക്കംകുറിക്കും.പഞ്ചവാദ്യം, ചെണ്ടമേളം, കരകം, കാവടി, അമ്മന്‍കുടം, തെയ്യം, ദേവനൃത്തങ്ങള്‍, ടാബ്ലോ എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്ര ടൗണ്‍ ചുറ്റി ഒമ്പതുമണിയോടെ മാരിയമ്മയ്ക്ക് മുന്നിലെത്തി നിറതാലം സമര്‍പ്പിക്കും. രാത്രി കണ്ണകി കഥാപ്രസംഗം, ഒമ്പതുമണിക്ക് ശാസ്ത്രീയനൃത്തം, 10 മണിക്ക് വില്‍കലാമേള, രാത്രി 12 മണി ഭസ്മാസുരന്‍ ബാലെ, 12.30 ന് പ്രസിദ്ധമായ കരകം എഴുന്നള്ളത്ത് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. നാലുമണിക്ക് കുംഭം എഴുന്നള്ളത്ത്, അഞ്ചുമണിക്ക് കനലാട്ടം, ആറു മണി ഇരുമ്പിയാട്ടം.കഴിഞ്ഞദിവസം നടന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയ്ക്ക് ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിക്കും മനസ്സിനും ഉണര്‍വേകി പഠനപുരോഗതിക്കാണ് അര്‍ച്ചന നടത്തിയത്. എം.പി. സുരേഷ്‌കുമാര്‍, രഞ്ജിത്ത്, സരോജിനി, കെ.ജി. ഗോപാലപിള്ള, കെ.എം. ബാലകൃഷ്ണന്‍, വാസു വെള്ളോത്ത്, അഡ്വ. അശോകന്‍, കെ.സി. കൃഷ്ണന്‍, ടി.എന്‍. അയ്യപ്പന്‍, ബാബു കട്ടയാട്, ചന്ദ്രന്‍ പൂമല, ബാലകൃഷ്ണന്‍ കുപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

 

RELATED NEWS

Leave a Reply