തടിയന്റവിട നസീറിനെ രക്ഷപ്പെടുത്താന്‍ നീക്കം നടന്നു

Cover Story, Kerala News, scrolling_news
െബംഗളൂരു ബോംബ് സ്‌ഫോടന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിനെ രക്ഷപ്പെടുത്താന്‍ നീക്കങ്ങള്‍ നടന്നതായി പോലീസിന്റെ കണ്ടെത്തല്‍. നസീറിന് വിവരങ്ങള്‍ കൈമാറിയിരുന്ന പ്രധാന കൂട്ടാളി പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസിനെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. കൈവിലങ്ങിന്റെ താക്കോല്‍ ഉള്‍പ്പെടെ ഷഹനാസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിചാരണയ്ക്കായി കോടതിയിലെത്തിച്ച അവസരത്തില്‍ നസീര്‍ ഒരു ബന്ധു വഴിയാണ് ഇത് ഷഹനാസിനെത്തിച്ചത്. െബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന സമയത്ത് നസീര്‍ രണ്ട് ഫോണുകളും സിം കാര്‍ഡുകളും വാങ്ങി തന്നെ കാണാനെത്തിയ ബന്ധുക്കളുടെ കൈവശം ഷഹനാസിന് കൈമാറിയിരുന്നു. ഈ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൈവിലങ്ങിന്റെ താക്കോല്‍ വ്യാജമായുണ്ടാക്കിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം അന്വേഷണ സംഘമെങ്കിലും പരിശോധനയില്‍ ഇത് യഥാര്‍ത്ഥ താക്കോല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. താക്കോല്‍ നസീറിന് കിട്ടിയതിനു പിന്നില്‍ കര്‍ണാടക പോലീസിലെ തന്നെ ചിലരാണെന്നാണ് സൂചന. മൊബൈല്‍ ഫോണും സിം കാര്‍ഡുകളും ജയിലിനുള്ളില്‍ എത്തിച്ചുകൊടുത്തതിനു പിന്നിലും കര്‍ണാടക പോലീസിലെ ചിലരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തടിയന്റവിട നസീറിനെ വിചാരണയ്ക്ക് കൊണ്ടുപോകുന്ന സമയവും സ്ഥലവുമെല്ലാം കര്‍ണാടക പോലീസില്‍ നിന്ന് ചോര്‍ന്നു കിട്ടിയിരുന്നതായി ഷഹനാസ് പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. കോടതിയില്‍ കൊണ്ടു വരുംവഴി ആക്രമണം നടത്തി നസീറിനെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൈവിലങ്ങിന്റെ താക്കോല്‍ ഉള്‍പ്പെടെ നസീറിന്റെ സഹായികള്‍ കൈവശപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഷഹനാസിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. അതേ സമയം, ഷഹനാസ് അറസ്റ്റിലായ വിവരമറിഞ്ഞ് കര്‍ണാടകത്തില്‍ നിന്നുള്ള ഉന്നത പോലീസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ അന്വേഷണസംഘവുമായി കര്‍ണാടക പോലീസ് സംഘം ഞായറാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. െബംഗളൂരു സ്‌ഫോടനക്കേസില്‍ സാക്ഷികളെ കൂറുമാറ്റിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും നസീര്‍ ജയിലില്‍ നിന്ന് നടത്തിയ നീക്കങ്ങള്‍ക്ക് സഹായിച്ചത് ഷഹനാസാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കര്‍ണാടക പോലീസും അന്വേഷണത്തിനായി കൊച്ചിയിലെത്തിയിരിക്കുന്നത്.

RELATED NEWS

Leave a Reply