തമിഴ്‌നാട്ടില്‍ മഴക്കെടുതി ഷോക്കേറ്റ് എട്ടു മരണം കൂടി>>

National News, scrolling_news
തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുന്നു. ചൊവ്വാഴ്ച വിഴുപുരം, വെല്ലൂര്‍, കാഞ്ചീപുരം ജില്ലകളിലായി ഷോക്കേറ്റ് എട്ടു പേര്‍ മരിച്ചു. തിങ്കളാഴ്ചത്തെ മരണസംഖ്യ 85 ആയിരുന്നു. ഔദ്യോഗിക കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, നാഗപട്ടണം, വിഴുപുരം തുടങ്ങിയ ജില്ലകളില്‍ പലയിടത്തും ജനജീവിതം ദുരിതത്തിലാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ടെലിഫോണ്‍ ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ താംബരം, വേളാച്ചേരി, മുടിച്ചൂര്‍, മഡിപ്പാക്കം, പള്ളിക്കരണി, തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ ഇരുന്നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വെള്ളം മൂടിയ പ്രദേശങ്ങളിലുള്ളവരെ ബോട്ടുകളിലാണ് സുരക്ഷിത സ്ഥലങ്ങളിലെത്തിക്കുന്നത്. ഹെലികോപ്ടറുകളും സുസജ്ജമാണ്. കരസേനയും നാവികസേനയും വ്യോമസേനയും അഗ്നിശമന സേനയുമെല്ലാം സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള 27 ദീര്‍ഘദൂര തീവണ്ടികള്‍ ബുധനാഴ്ച സര്‍വീസ് നടത്തില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി 500 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ഡി.എം.കെ. ഒരു കോടി രൂപയും ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

RELATED NEWS

Leave a Reply