തെന്നലയിലെ പാടങ്ങള്‍ വിളയുന്നു: പെണ്‍ വീരഗാഥയില്‍

Kerala News, scrolling_news

തെന്നല പഞ്ചായത്തിലെ ഒരു കൂട്ടം വനിതകള്‍ തരിശായി കിടന്ന പാടശേഖരങ്ങളില്‍ നിലമൊരുക്കി വിത്ത് പാകുമ്പോള്‍ ഒരിക്കലും ഓര്‍ത്തു കാണില്ല അവരുടെ കാര്‍ഷിക പെരുമ നാടും വീടും കടന്ന് കടല്‍ കടക്കുമെന്ന്. കൂട്ടായ്മയുടെയും അധ്വാനത്തിന്റെയും കരുത്തിന് നൂറുമേനി വിളവിനപ്പുറം പെണ്‍മയ്ക്കായി
കാലം കരുതിവച്ചത് അത്രയേറെയാണ്. അങ്ങ് തെന്നലയിലെ പാടങ്ങളില്‍ വിളയിച്ച ജൈവ നെല്ല് അരിയാക്കി ‘ തെന്നല റൈസ്’ എന്ന് പേരിട്ട് പുറത്തിറക്കിയപ്പോള്‍ തന്നെ ആവശ്യക്കാരേറെയായിരുന്നു. ഇന്നിപ്പോള്‍ കടലും കടന്ന് ദുബൈയിലേക്ക് പറക്കാനൊരുങ്ങുകയാണ് നാട്ടിന്‍ പുറത്തെ ഒരു കൂട്ടം കുടുംബശ്രീ വനികള്‍ വിളയിച്ചെടുത്ത ജൈവ അരിയും അവരുടെ പെരുമയും.

‘ തെന്നല റൈസ് ‘ കയറ്റുമതി ഈ മാസം മുതല്‍

കുടുംബശ്രീ വനിതകള്‍ കൂട്ടുകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന ജൈവ അരിയായ ‘ തെന്നല റൈസ് ‘ ഈ മാസം ദുബൈയിലേക്ക് കയറ്റുമതി ചെയ്യും. ലുലു ഗ്രൂപ്പുമായി സഹകരിച്ചാണ് ദുബൈയിലെ മേളയില്‍ വിറ്റഴിക്കാന്‍ തെന്നല റൈസ് കയറ്റുമതി ചെയ്യുന്നത്. തെന്നല അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ച് ബ്രാന്‍ഡിങ് നടത്തിയാണ് കയറ്റുമതി.  10, 5, 2 കിലോകളില്‍ പാക്കറ്റ് ചെയ്താണ് വില്‍പ്പന. കിലോയ്ക്ക് 40 രൂപയാണ് വില. മലപ്പുറം ജില്ലയിലും കേരളത്തിലെ മറ്റ് ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും മാര്‍ക്കറ്റ് വിപുലീകരിച്ച് സജീവമാകുകയാണ് തെന്നല റൈസ്. കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിനാണ് തെന്നല റൈസിന് കമ്പനി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൈവ അരിയുടെ ബ്രാന്‍ഡിങും നടത്തി. തുടര്‍ന്നാണ് കേരളത്തിനകത്തും പുറത്തും വിപണനം വ്യാപിപ്പിക്കാനും വിദേശത്തേക്ക് കയറ്റി അയക്കാനും ശ്രമം ആരംഭിച്ചത്.

കമ്പനി എം.ഡി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍

തെന്നല റൈസിന് ആഗോളവിപണി കണ്ടെത്താനും ഉല്‍പാദനവും സംഭരണവും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് രൂപീകരിച്ച തെന്നല അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ എം.ഡി സി.ഡി.എസ് ചെയര്‍പേഴ്‌സണായ   അരിമ്പ്ര യാസീനാണ്. മറ്റ് 10 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കര്‍ഷകരായ കുടുംബശ്രീ വനിതകളുമാണ് കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്. കമ്പനിയ്ക്ക് 500 ഓഹരി ഉടമകളുമുണ്ട്.  ജൈവ അരി കൂടാതെ അവില്‍, പൊടിയരി, ഉണങ്ങല്ലരി, പായസ അരി തുടങ്ങിയവയും തെന്നലയിലെ വനിതാ കൂട്ടായ്മ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഭാവിയില്‍ മികച്ച മാര്‍ക്കറ്റ് ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

106 സംഘകൃഷി യൂണിറ്റുകള്‍, 540 അംഗങ്ങള്‍

നിലവില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തെന്നല പഞ്ചായത്തില്‍ 2012-13 കാലത്താണ് സി.ഡി.എസ് കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ കാര്‍ഷിക രംഗത്ത് സജീവമായത്. നാല് സംഘകൃഷി യൂണിറ്റില്‍ തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനം ഇന്നിപ്പോള്‍ 106 സംഘകൃഷി യൂണിറ്റുകളുടെ കരുത്തിലാണ്. മൊത്തം 540 പേര്‍ അംഗങ്ങളായുണ്ട്. തരിശായി കിടന്ന 146 ഏക്കര്‍ പാടശേഖരങ്ങളാണ് ഇവര്‍ കൃഷിയോഗ്യമാക്കിയത്.  നിലവില്‍ 1340 ഏക്കറില്‍ സി.ഡി.എസ് കൂടുംബശ്രീ കൂട്ടായ്മയ്ക്ക് തെന്നലയില്‍ കൃഷിയുണ്ട്. മറക്കപ്പാടം, വാളക്കുളം, അപ്ല പാടം, പാലക്കല്‍, എരഞ്ഞിപ്പാടം എന്നീ പാടശേഖരങ്ങളിലാണ് കൃഷി. 47 സംഘകൃഷി യൂണിറ്റുകള്‍ നടത്തുന്ന നെല്‍കൃഷിയ്ക്ക് പുറമേ  24 സംഘകൃഷി യൂണിറ്റുകളിലായി 19 ഏക്കറില്‍ വാഴ കൃഷിയുണ്ട്. 21 സംഘകൃഷി യൂണിറ്റുകള്‍ 19 ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തുന്നു. 35 സംഘകൃഷി യൂണിറ്റുകള്‍ 43 ഏക്കറില്‍ മരച്ചീനിയും കൃഷിയിറക്കിയിട്ടുണ്ട്. 10 സംഘകൃഷി യൂണിറ്റുകള്‍ ഏട്ട് ഏക്കറില്‍ ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ആകെ രണ്ട് വിളകളായി 670 ഏക്കറിലാണ് നിലവിലെ സംയോജിത കൃഷി രീതി.

നെല്ല് കുത്താന്‍ സ്വന്തം മില്ലിനായി

വിളവെടുക്കുന്ന നെല്ല് ഇപ്പോള്‍ സ്വകാര്യ മില്ലില്‍ നിന്നാണ് അരിയാക്കുന്നത്. ഇതിനാല്‍ സ്വന്തമായി മില്ല് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. കോഴിച്ചെനയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒരേക്കര്‍ അനുവദിച്ചുകിട്ടാന്‍ തെന്നല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കമ്പനി എം.ഡിയും മുഖ്യമന്ത്രി യെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് തെന്നല റൈസ് കൂട്ടായ്മ.

പെണ്‍മയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച്

വീട്ടില്‍ ഒതുങ്ങി കൂടേണ്ടവരല്ല പെണ്ണുങ്ങള്‍ , അവര്‍ക്കുമുണ്ട് സ്വാതന്ത്രവും അവകാശങ്ങളും… ഇതെല്ലാം വായ കൊണ്ട് പറഞ്ഞ് വെറുതെ ഇരുന്നില്ല തെന്നലയിലെ പെണ്ണുങ്ങള്‍.. പൊരിവെയിലത്ത് കൊത്തിയും കിളച്ചും മേല്‍നോട്ടം വഹിച്ചും അരി പായ്ക്ക് ചെയ്തും നേടിയെടുത്ത മാനസികവും ശാരീരികവുമായ കരുത്ത് കുറച്ചൊന്നുമല്ല തെന്നലയിലെ വനിതാ കൂട്ടായ്മയെ പ്രചോദിപ്പിച്ചിരിക്കുന്നത്. ആത്മാഭിമാനത്തോടെ ഇനിയും ഉയരങ്ങള്‍ കീഴടക്കാനാണ് അവരുടെ പരിശ്രമം. ദൂരദര്‍ശന്‍ നടത്തിയ സോഷ്യല്‍ റിയാലിറ്റി ഷോയില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ മുന്നിലെത്തിയതും തങ്ങളെക്കുറിച്ച് ലോകം അറിഞ്ഞതുമെല്ലാം പെണ്‍മയുടെ ആവേശവും ആത്മാഭിമാനവും വാനംമുട്ടെ എത്തിച്ചിരിക്കുന്നു.. മാത്രമല്ല നല്ല നാളെകള്‍ക്കായി കണ്‍തുറക്കാനും കാതോര്‍ക്കാനും അവര്‍ നമ്മെ പഠിപ്പിക്കുന്നു. കാര്‍ഷിക സമൃദ്ധിയുടെ കഴിഞ്ഞ കാല നന്മകളെക്കുറിച്ചും കൂട്ടായ്മയുടെ വിജയത്തെക്കുറിച്ചും തെന്നലയിലെ പെണ്‍വീരഗാഥ രചിക്കുന്നു.

RELATED NEWS

Leave a Reply