നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മേയര്‍മാര്‍ >>

Kerala News, scrolling_news

സംസ്ഥാനത്തെ നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് എല്‍ഡിഎഫ് മേയര്‍മാര്‍ ചുമതലയേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായിട്ടാകും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. അട്ടിമറികള്‍ അസാധ്യമായതിനാല്‍ എല്‍ഡിഎഫ് തന്നെ ഇവിടെ വിജയിക്കാനാണ് സാധ്യത. അഡ്വ. വി കെ പ്രശാന്താകും ഇവിടെ മേയര്‍. കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് നിരുപാധികമായി പിന്തുണച്ചതോടെ ഭരണം എല്‍ഡിഎഫിനായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക ഇ പി ലതയാണ് കണ്ണൂരില്‍ മേയറായത്. കോഴിക്കോട് വി കെ സി മമ്മദ്കോയയും കൊല്ലത്ത് അഡ്വ. വി രാജേന്ദ്രബാബുവും മേയര്‍മാരായി. തൃശൂരില്‍ അജിത ജയരാജ് ആണ് മേയര്‍. നാലുപേരും സിപിഐ എം അംഗങ്ങളാണ്. കൊച്ചിയില്‍ യുഡിഎഫിലെ സൗമിനി ജയിനാണ് മേയറായത്. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലിലും എല്‍ഡിനാണ് അധികാരം. ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം സീറ്റുകള്‍ നേടിയ കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനം അവസാന നിമിഷമാണ് എല്‍ഡിഎഫിലേക്കെത്തിലത്. ആകെ 55 സീറ്റുകളുള്ള ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും 27 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷിന്റെ വോട്ടാണ് നിര്‍ണ്ണായകമായത്. സുമ ബാലകൃഷ്ണനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി കെ രാഗേഷ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഡിസിസി അംഗീകരിക്കാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. ഇതോടെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആദ്യത്തെ ഭരണചുമതലയും എല്‍ഡിഎഫിനായി. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃശൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫിലെ അജിതാ ജയരാജനെയാണ് എല്‍ഡിഎഫ് മല്‍സരിപ്പിച്ചത്. 28 സീറ്റുകള്‍ വേണ്ടിടത്ത് എല്‍ഡിഎഫിന് 26 അംഗങ്ങളുണ്ട്. കൊച്ചിയില്‍ 30നെതിരെ 41 വോട്ടുകളാണ് സൗമിനിക്ക് ലഭിച്ചത്. 2 ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അതേ സമയം ഒരു യുഡിഎഫ് റിബലും 2 എല്‍ഡിഎഫ് റിബലും സൗമിനിക്ക് വോട്ട് ചെയ്തു. ഡോ. പൂര്‍ണ്ണിമ നാരായണനായിരുന്നു എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.

 

RELATED NEWS

Leave a Reply