മന്ത്രി ബാബുവിനെതിരായ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു വിട്ടു>>

Cover Story, Kerala News, scrolling_news

ബാര്‍കോഴ കേസില്‍ മന്ത്രി കെ ബാബുവിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു വിട്ടു. കേസുമായി ബന്ധപ്പെട്ട് ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു പരിഗണിക്കേണ്ടതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ബി കമാല്‍പാഷയുടെ ഉത്തരവ്. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ടു സമാന സ്വഭാവമുള്ള ഹരജികള്‍ നേരത്തെ ചീഫ് ജസ്റ്റിസിനു കൈമാറിയ സാഹചര്യത്തില്‍ ഈ ഹരജിയും മറ്റു ഹരജികള്‍ക്കൊപ്പം പരിഗണിക്കാന്‍ വേണ്ട നടപടികള്‍ രജിസ്ട്രാര്‍ സ്വീകരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് ആസ്ഥാനമായുള്ള സംഘടനയുടെ പ്രസിഡന്റ് ഐസക്ക് വര്‍ഗീസാണു ഹരജി നല്‍കിയത്. ഹരജി പരിഗണനയ്ക്കു വന്നപ്പോള്‍ സമാന സ്വഭാവമുള്ള മറ്റൊരു ഹരജി ചൊവ്വാഴ്ച പൊതുതാല്‍പര്യ വിഷയം പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനു വിട്ട കാര്യം ജഡ്ജി തന്നെ വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. ബാര്‍കോഴ ഇടപാടുമായി ബന്ധപ്പെട്ടു മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു മന്ത്രിമാര്‍ക്കെതിരേയും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി എം മുത്തുകൃഷ്ണന്‍ നല്‍കിയ ഹരജി ചൊവ്വാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നു. ഐസക്ക് വര്‍ഗീസിന്റെ ഹരജിയും ഇതോടൊപ്പം പരിഗണിക്കാനാണു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

 

RELATED NEWS

Leave a Reply