മേയര്‍, നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

Cover Story, Kerala News, scrolling_news
മേയര്‍മാരെയും നഗരസഭാ അധ്യക്ഷരെയും ബുധനാഴ്ച തിരഞ്ഞെടുക്കും. ആറ് കോര്‍പ്പറേഷനിലും 86 നഗരസഭകളിലുമാണ് തിരഞ്ഞെടുപ്പ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യ അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എന്ത് സംഭവിക്കുമെന്നത് ഇനിയും സസ്‌പെന്‍സാണ്. ഇവിടെ കോണ്‍ഗ്രസ് വിമതന്റെ പിന്തുണ ഉണ്ടെങ്കിലേ യു.ഡി.എഫിന് ഭരിക്കാനാവൂ. എന്നാല്‍ വിമതന്റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
വിമതന്‍മാരെ സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കരുതെന്ന കെ.പി.സി.സി.യുടെ നിര്‍ദ്ദേശം കാരണം യു.ഡി.എഫ്. പലേടത്തും പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ ചില നഗരസഭകളെങ്കിലും എല്‍.ഡി.എഫ്. ഭരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഭരണം പിടിക്കാന്‍ ഒരംഗത്തിന്റെ പിന്തുണകൂടി വേണ്ട നെയ്യാറ്റിന്‍കര, ഗുരുവായൂര്‍, അടൂര്‍ നഗരസഭകളില്‍ കോണ്‍ഗ്രസ് വിമതര്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫിനും എല്‍.ഡി.എഫിനും 17 വീതം അംഗങ്ങളുള്ള വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജയിച്ച അംഗം യു.ഡി.എഫിനോട് പ്രതിഷേധിച്ച് എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോഴിക്കോട് ജില്ലയിലെ ഫറോഖില്‍ കോണ്‍ഗ്രസ് വിമതന്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനാണ് തീരുമാനം.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏതാണ്ട് 28 നഗരസഭകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പലേടത്തും ബി.ജെ.പി.യും വിമതന്‍മാരും നിര്‍ണായക ശക്തികളായി. എന്നാല്‍ മൂന്ന് മുന്നണികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മുന്നണിക്ക് ഭരണം കിട്ടുമെന്ന സ്ഥിതിവന്നു. പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച മുന്നണികളുടെ നിര്‍ദ്ദേശങ്ങളും കുതിരക്കച്ചവടത്തിന് അവസരങ്ങള്‍ കുറച്ചു. 24 അംഗങ്ങളോടെ ബി.ജെ.പി. മുന്നിലുള്ള പാലക്കാട് നഗരസഭയില്‍ അവര്‍ക്ക് തന്നെ ഭരണം കിട്ടാനാണ് സാധ്യത. ഇവിടെ മൂന്ന് മുന്നണികളും മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്തെ കൊണ്ടോട്ടിയില്‍ സി.പി.എമ്മും കോണ്‍ഗ്രസുമൊക്കെച്ചേര്‍ന്ന മുന്നണി ഭരണത്തിലെത്തുമെന്ന് ഉറപ്പായി. പരപ്പനങ്ങാടിയിലും ഇവര്‍ ചേര്‍ന്ന സഖ്യമാണ് മുന്നില്‍. 35 സീറ്റുകള്‍നേടി ബി.ജെ.പി. രണ്ടാംസ്ഥാനത്ത് എത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് മുന്നണികളും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ പ്രതിസന്ധിയില്ല. 43 സീറ്റുള്ള എല്‍.ഡി.എഫില്‍ നിന്ന് വി.കെ. പ്രശാന്ത് മേയറും സി.പി.ഐ.യിലെ രാഖി രവികുമാര്‍ ഡെപ്യൂട്ടിമേയറും ആകും. യു.ഡി.എഫിന് ഇവിടെ 21 അംഗങ്ങളേയുള്ളൂ. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും മേയര്‍ സ്ഥാനം വീതം വെയ്ക്കുന്നതില്‍ തര്‍ക്കം നടന്ന കൊച്ചി കോര്‍പ്പറേഷനിലും കലാപം ഏതാണ്ട് കെട്ടടങ്ങി. ഇവിടെ സൗമിനി ജയിന്‍ മേയറും ടി.കെ.വിനോദ്കുമാര്‍ ഡെപ്യൂട്ടി മേയറുമാവും. നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസിലെ കെ.ആര്‍. പ്രേംകുമാര്‍ ഇറങ്ങിപ്പോയി. കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. കൊല്ലത്ത് സി.പി.എമ്മിലെ അഡ്വ.വി.രാജേന്ദ്രബാബുവും സി.പി.ഐ.യിലെ വിജയ ഫ്രാന്‍സിസുമാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികള്‍. കോഴിക്കോട്ട് സി.പി.എമ്മിലെ വി.കെ.സി. മമ്മത്‌കോയയും മീരാഡെര്‍സകും. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കിലും മുന്നിലുള്ള എല്‍.ഡി.എഫിന് സ്ഥാനങ്ങള്‍ ലഭിക്കും. സി.പി.എമ്മിലെ അജിതാ ജയരാജും വര്‍ഗീസ് കണ്ടം കുളത്തിയുമാണ് ഇവിടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികള്‍. മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മകള്‍ സി.ബി.ഗീതയാണ് യു.ഡി.എഫിലെ മേയര്‍ സ്ഥാനാര്‍ത്ഥി.

RELATED NEWS

Leave a Reply