മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കള്‍ >>>

National News, scrolling_news

ബിഹാറിലെ ദയനീയതോല്‍വിക്കു പിന്നാലെ ബിജെപിക്കുള്ളിലെ കലഹം രൂക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച് എല്‍ കെ അദ്വാനി അടക്കമുള്ള മുതിര്‍ന്നനേതാക്കള്‍. ബിഹാര്‍ തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്ന് അദ്വാനി പരസ്യപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രിമാരായ മുരളിമനോഹര്‍ ജോഷി, യശ്വന്ത്സിന്‍ഹ, മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ എന്നിവര്‍ പരസ്യപ്രതികരണം നടത്തി. തോല്‍വിയെക്കുറിച്ച് ബിജെപി നേതാക്കളാരും പരസ്യപ്രതികരണം നടത്തരുതെന്ന് അമിത് ഷാ വിപ്പ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മുതിര്‍ന്നനേതാക്കള്‍ പരസ്യ പ്രസ്താ‍ാവന ഇറക്കിയത്.
ഡല്‍ഹിയിലെ തിരിച്ചടിയില്‍നിന്ന് ഒരുപാഠവും പഠിച്ചില്ലെന്നതിനു തെളിവാണ് ബിഹാര്‍ ഫലമെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായുള്ള പാര്‍ടിയുടെ പ്രവര്‍ത്തനരീതിയാണ് ബിഹാറിലെ തോല്‍വിയുടെ മുഖ്യകാരണം. ഒരുപിടി നേതാക്കളുടെ ഇംഗീതപ്രകാരം മാത്രം പ്രവര്‍ത്തിക്കാന്‍ പാര്‍ടി നിര്‍ബന്ധിതമായത് എങ്ങനെയെന്ന് വെളിപ്പെടുന്നവിധത്തില്‍ ഒരു അവലോകനം ആവശ്യമാണ്. എങ്ങനെയാണ് പാര്‍ടിയുടെ സമവായസ്വഭാവം തകര്‍ക്കപ്പെട്ടതെന്നും പരിശോധിക്കപ്പെടണം -മുതിര്‍ന്ന നേതാക്കള്‍ക്കായി യശ്വന്ത്സിന്‍ഹ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.
മോഡിക്കും അമിത് ഷായ്ക്കുമെതിരായ നീക്കത്തിനു പിന്നില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരിയാണ്. ഷൂരിയും യശ്വന്ത്സിന്‍ഹയും ആദ്യം മുരളിമനോഹര്‍ ജോഷിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മൂവരും അദ്വാനിയുമായി ചര്‍ച്ച നടത്തിയശേഷമാണ് പ്രസ്താവന പുറപ്പെടുവിച്ചത്.ദയനീയതോല്‍വി ഉണ്ടായിട്ടും പ്രചാരണത്തിന് നേതൃത്വം നല്‍കിയ മോഡിയും അമിത് ഷായും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് നടത്തിയത്. ലോക്സഭാംഗം ശത്രുഘ്നന്‍ സിന്‍ഹയെ വിശ്വസ്തരെ ഉപയോഗിച്ച് അപഹസിച്ച് ഒതുക്കാനാണ് അമിത് ഷാ ശ്രമിച്ചത്. നേതൃത്വത്തെ വിമര്‍ശിച്ച അരുണ്‍ഷൂരിയെയും ഭീഷണിപ്പെടുത്തി നിശബ്ദനാക്കാനായിരുന്നു ശ്രമം. ശത്രുഘ്നന്‍സിന്‍ഹയ്ക്കു പുറമെ ബിഹാറില്‍നിന്നുള്ള മറ്റൊരു ലോക്സഭാംഗംകൂടി നേതൃത്വത്തിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നു. ബഗുസരായ് എംപി ഭോലാസിങ്ങാണ് അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചത്.
– See more at: http://www.deshabhimani.com/news-national-all-latest_news-515974.html#sthash.JiNQDu7Q.dpuf

RELATED NEWS

Leave a Reply