മോദി-അമിത് ഷാ കൂട്ടുകെട്ട് പ്രതിക്കൂട്ടില്‍; ബി.ജെ.പി. നേതൃയോഗം ഇന്ന്‌

National News, scrolling_news
ഡല്‍ഹിയെ പിന്തുടര്‍ന്ന്, ബിഹാറിലും തോല്‍വിയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുമ്പോള്‍, ബി.ജെ.പി.ക്കുള്ളില്‍ ദേശീയനേതൃത്വത്തിനുനേരെ വിരലുകള്‍ ഉയരുന്നു. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ചുള്ള ആദ്യത്തെ വിലയിരുത്തലുകള്‍ക്കായി ബി.ജെ.പി.യുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ തിങ്കളാഴ്ച ചേരും.
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഒറ്റയാന്‍ പോക്ക് ബി.ജെ.പി. നേതാക്കള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ എന്നും രക്ഷാകവചമായിരുന്നു. ബിഹാറിലെ കനത്ത തിരിച്ചടി ആ രക്ഷാകവചമാണ് ഇല്ലാതാക്കുന്നത്. മുതിര്‍ന്ന നേതാക്കളെ പാടെ മാറ്റിനിര്‍ത്തി, മോദിയെ മാത്രം വിശ്വാസത്തിലെടുത്തുള്ള തീരുമാനങ്ങളാണ് അമിത് ഷായുടേത്. എല്ലാറ്റിലും തന്റെ വിരലടയാളം പതിയണമെന്ന ഷായുടെ കടുംപിടിത്തശൈലി മാറ്റേണ്ടിവരുമെന്ന സൂചനയാണ് ബി.ജെ.പി.യില്‍നിന്ന് ലഭിക്കുന്നത്. ഉടനടിയൊരു നേതൃമാറ്റമൊന്നും ബി.ജെ.പി.യിലുണ്ടാകില്ല. എന്നാല്‍, എല്ലാവരുമായി ചര്‍ച്ചചെയ്തു മാത്രമേ ഇനി അമിത് ഷായ്ക്ക് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. എല്ലാ അധികാരവും ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമാകുന്നത് ശരിയല്ലെന്ന് ബിഹാറില്‍ ജയിച്ച പാര്‍ട്ടി എം.എല്‍.എ.തന്നെ ഞായറാഴ്ച വെടിപൊട്ടിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആയിരുന്നിട്ടും, ബിഹാറിലെ പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നത് നരേന്ദ്രമോദിയും അമിത് ഷായുമായിരുന്നു. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന സംസ്ഥാനനേതാക്കളായ സുശീല്‍കുമാര്‍ മോദി, നന്ദകിഷോര്‍ യാദവ്, പ്രേംകുമാര്‍ തുടങ്ങിയവരെയൊക്കെ ഒഴിവാക്കിയുള്ള പ്രചാരണം ആദ്യഘട്ട വോട്ടെടുപ്പില്‍തന്നെ തിരിച്ചടിച്ചു. പിന്നെയുള്ള ഘട്ടങ്ങളില്‍ സംസ്ഥാനനേതാക്കളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രനേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരാണെന്ന് നേരത്തേ പ്രഖ്യാപിക്കാത്തതും ബി.ജെ.പി.ക്ക് തിരിച്ചടിയായി. ഡല്‍ഹിയില്‍നിന്ന് ഇറക്കുമതിചെയ്ത സംഘത്തിനായിരുന്നു അമിത് ഷാ പ്രചാരണച്ചുമതല നല്‍കിയത്. ബി.ജെ.പി. തോറ്റാല്‍ പാകിസ്താനില്‍ പടക്കംപൊട്ടുമെന്ന ഷായുടെ പ്രസംഗവും തിരിച്ചടിച്ചു. നിതീഷ്‌കുമാറിനെയും ലാലുവിനെയും വ്യക്തിപരമായി ആക്രമിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും വിനയായി. വികസനവും മറ്റുമായി തുടങ്ങിയ പ്രചാരണം ഒരോ ഘട്ടം കഴിയുന്തോറും മറ്റ് വിഷയങ്ങളിലേക്ക് മാറി. ദാദ്രിയിലെ കൊലയും ബീഫും വേണ്ടത്ര ബി.ജെ.പി.യെ സഹായിച്ചില്ല. ഇതിനൊപ്പം, സംവരണത്തെക്കുറിച്ചുള്ള ആര്‍.എസ്.എസ്. മേധാവിയുടെ പ്രസ്താവന ഉണ്ടാക്കിയ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. 70 ശതമാനം പിന്നാക്കക്കാരുള്ള ഒരു സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനിടയില്‍ ഇത്തരമൊരു പ്രസ്താവന ബി.ജെ.പി.യുടെ പരാജയവും അതുവഴി, മോദി-ഷാ കൂട്ടുകെട്ടിനെ തടയിടുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍തന്നെ പറയുന്നു.

RELATED NEWS

Leave a Reply