രാഗേഷിന്റെ വോട്ട് ഇടതിന്; കണ്ണൂരില്‍ ഇ.പി. ലത മേയര്‍ >>

Kerala News, scrolling_news

കോണ്‍ഗ്രസ് വിമതന്റെ വോട്ടോടെ എല്‍.ഡി. എഫിലെ ഇ.പി. ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി. ലതയ്ക്ക് 28 ഉം യു.ഡി. എഫ് സ്ഥാനാര്‍ഥിയായ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന് 27 ഉം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായ പി.കെ.രാഗേഷ് ലതയ്ക്കാണ് വോട്ട് ചെയ്ത്. 55 അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ് വീതമാണ് ലഭിച്ചിരുന്നത്. സി.പി.എം. സ്ഥാനാര്‍ഥിയായി മേലെ ചൊവ്വ വാര്‍ഡില്‍ നിന്നാണ് ലത വിജയിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് തന്നെ വിളിച്ച് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും വഴങ്ങിക്കൊടുക്കാതെയാണ് രാഗേഷ് ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തിലും അനുരഞ്ജന ശ്രമങ്ങള്‍ തുടരുകയായിരുന്നു. രാഗേഷ് മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും തന്നെ അംഗീകരിക്കാന്‍ കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങള്‍ തയ്യാറായിരുന്നില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാതെ തിരഞ്ഞെടുത്ത സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയുടെ സ്ഥാനത്ത് നിന്ന് മാറ്റുക, പള്ളിക്കുന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പള്ളിക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പള്ളിക്കുന്ന് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ചിറക്കല്‍ ബ്ലോക്ക് സ്ഥാനാര്‍ഥി എന്നിവരെ മാറ്റുക, ഉറപ്പുള്ള സീറ്റിലെ ഇവരുടെ പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുക, പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ചാലാട് ക്ഷേത്രക്കമ്മിറ്റി പുന:സംഘടിപ്പിക്കുക, തന്നെ ഡെപ്യൂട്ടി മേയര്‍ ആക്കുക, ഡി.സി.സി.യില്‍ നിന്ന് പുറത്താക്കിയ ഒന്‍പത് പേരെ തിരിച്ചെടുക്കുക  തുടങ്ങിയ ആവശ്യങ്ങളാണ് രാഗേഷ് മുന്നോട്ട് വച്ചത്. കോര്‍പ്പറേഷനിലെ പഞ്ഞിക്കീല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച രാഗേഷ് 21 വോട്ടിനാണ് വിജയിച്ചത്.

 

 

RELATED NEWS

Leave a Reply