ശബരിമലനട ഇന്ന് തുറക്കും >>

Cover Story, Kerala News, scrolling_news
നോമ്പുനോറ്റ് ദേശങ്ങള്‍ താണ്ടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹംചൊരിഞ്ഞ് ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ പൊന്നമ്പലനട മണ്ഡല ഉത്സവത്തിനായി തിങ്കളാഴ്ച വൈകീട്ട് തുറക്കും . വൈകീട്ട് അഞ്ചിന് ശ്രീകോവില്‍ വലംവച്ചെത്തുന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മണിയടിച്ച് തിരുനട തുറക്കും.വിളക്കുതെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും.  നടതുറക്കുമ്പോള്‍ തലയില്‍ ഉത്തരീയക്കെട്ടും കൈയില്‍ ജപമാലയും കഴുത്തില്‍ രുദ്രാക്ഷവുമണിഞ്ഞ് യോഗദണ്ഡുംപിടിച്ച് ഭസ്മത്തില്‍ അഭിഷേകംചെയ്ത് ചിന്മുദ്രാങ്കിത യോഗസമാധി രൂപത്തിലായിരിക്കും ഭഗവാന്റെ രൂപം. അപൂര്‍വ്വമായ ഈ രൂപംകണ്ട് അനുഗ്രഹംനേടാന്‍ ആയിരങ്ങളാണ് പമ്പയില്‍ വിരിവച്ചിരിക്കുന്നത്. ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പതിവ് പൂജകളൊന്നും തിങ്കളാഴ്ചയില്ല. ശബരിമലയിലെ പുതിയ മേല്‍ശാന്തി കോട്ടയം അയര്‍ക്കുന്നം കാരിക്കാട്ടില്ലം സൂര്യഗായത്രത്തില്‍ എസ്.ഇ.ശങ്കരന്‍നമ്പൂതിരി, മാളികപ്പുറത്തെ പുതിയ മേല്‍ശാന്തി തൃശ്ശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ അവരോധചടങ്ങ് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക്് നടക്കും. രാത്രി ഹരിവരാസനംപാടി നട അടച്ചശേഷം മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും. ചൊവ്വാഴ്ചത്തെ വൃശ്ചികപ്പുലരിയില്‍ ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാവും. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമുതല്‍ നെയ്യഭിഷേകം അരംഭിക്കും.നിലവിലുള്ള ശബരിമലമേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എസ്.കേശവന്‍നമ്പൂതിരിയും തിങ്കളാഴ്ച രാത്രി പടിയിറങ്ങും.

RELATED NEWS

Leave a Reply