15 നഗരങ്ങളിലായി 25,000 വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ഭവനപദ്ധതി വരുന്നു>>

Cover Story, Kerala News, scrolling_news
നഗരങ്ങളില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന, ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാവുന്നു. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 15 നഗരസഭകളില്‍ 25,000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഭവനരഹിതരുടെ പട്ടിക തയ്യാറാക്കുന്നതിന് എല്ലാ നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടിക തയ്യാറാക്കുന്നതടക്കമുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 29 കോടി രൂപ അനുവദിച്ചു. പുതുതായി നിലവില്‍ വന്ന നഗരസഭകളുടെ പ്രധാന ചുമതലകളിലൊന്നായി ഇക്കാര്യം കണക്കിലെടുത്ത് ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേക കൗണ്‍സില്‍ ചേരണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നഗരസഭകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ചേരിവികസനം, ‘ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി’യിലൂടെയും പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയും സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന നിരക്കിലുള്ള വീടുകള്‍ ലഭ്യമാക്കല്‍, സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടിന് അല്ലെങ്കില്‍ അറ്റകുറ്റപ്പണിക്ക് ധനസഹായം നല്‍കല്‍ തുടങ്ങിയവ പി.എം.എ.വൈ. പദ്ധതിയുടെ ഭാഗമാണ്.60-70 വരെ കുടുംബങ്ങള്‍ താമസിക്കുന്ന ചേരിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഭവനങ്ങള്‍ നിര്‍മ്മിക്കും. ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമി ഇതിനായി പ്രയോജനപ്പെടുത്തും. ഇത്തരം ഭവനപദ്ധതിക്ക് ഒരു വീടിന് ഒരു ലക്ഷമെന്ന നിരക്കില്‍ ചേരിവികസന ഗ്രാന്‍ഡ് ലഭിക്കും.
താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനുമായി ആറുലക്ഷം രൂപ വരെ ബാങ്ക് വായ്പ കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കും. മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്ററും ആറുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്ററും വിസ്തൃതിയുള്ള കെട്ടിടത്തിന് 15 വര്‍ഷത്തേക്കാണ് വായ്പാ സബ്‌സിഡി നല്‍കുക. സ്വന്തമായി സ്ഥലമുള്ള, വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കെട്ടിടം വെക്കുന്നതിനും നിലവിലുള്ള കെട്ടിടം പുനരുദ്ധരിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ മൂന്നുലക്ഷം രൂപ ധനസഹായം നല്‍കും.അര്‍ബന്‍ ഹൗസിങ് മിഷനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഏജന്‍സി. ജില്ലാ ആസ്ഥാനമോ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളോ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൊടുപുഴ, എറണാകുളം, തൃക്കാക്കര, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കല്‍പ്പറ്റ, കാസര്‍കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

RELATED NEWS

Leave a Reply