അഞ്ച്‌ കള്ളന്മാരുടെ കഥഉറുമ്പുകള്‍ ഉറങ്ങാറില്ല

Theatre

ലോകത്തില്‍ ഉറങ്ങാത്ത ഒരു ജീവി ഉറുമ്പാണ്‌. മനുഷ്യരുടെ ഇടയിലും ഉറങ്ങാത്തവരുണ്ട്‌. അവര്‍ക്ക്‌ ഉറങ്ങാന്‍ കഴിയാത്തവരാണ്‌. ഉറങ്ങേണ്ട സമയത്തൊക്കെ അവര്‍ ഉണര്‍ന്നിരിക്കും- കള്ളന്മാര്‍.ഇങ്ങനെ വ്യത്യസ്‌ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ്‌ ഉറുമ്പുകള്‍ ഉറങ്ങാറില്ല. ജിജു അശോകന്‍ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ട്‌ മങ്കരയില്‍ ആരംഭിച്ചു.ഷേക്‌സ്പിയര്‍ എം.എ. എന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നതിലൂടെ ശ്രദ്ധേയനായ ജിജു അശോകന്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയത്തെ ഉപജീവിച്ച്‌ ലാസ്‌റ്റ് ബെഞ്ച്‌ എന്നൊരു ചിത്രവും അണിയിച്ചൊരുക്കി ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.പൂര്‍ണമായും ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രം.ഒരു നായകന്റെ കഥയായിട്ടല്ല ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്‌. ഇതൊരു കൂട്ടായ്‌മയുടെ കഥയാണ്‌. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാകട്ടെ ജനപ്രിയരായ അഭിനേതാക്കളും.ചെമ്പന്‍ വിനോദ്‌, ലാല്‍, അജുവര്‍ഗീസ്‌, ജോജു ജോര്‍ജ്‌, വിനയ്‌ ഫോര്‍ട്ട്‌, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന തുടങ്ങിയ പുതിയ തലമുറക്കാര്‍, എന്നും എപ്പോഴും പ്രിയങ്കരനായ ഇന്നസന്റ്‌. ഇവരുടെയൊക്കെ സാന്നിധ്യം ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.മലയാളത്തിലെ നിരവധി പ്രശസ്‌തമായ സിനിമകള്‍ക്ക്‌ ഏറെ പശ്‌ചാത്തലമായ ‘മങ്കര’ വീടാണ്‌ ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍. ലൊക്കേഷനില്‍ ഇന്നസന്റ്‌, അജുവര്‍ഗീസ്‌, മുസ്‌തഫ, അനന്യ, പുതിയ നായിക ജാനകി, വനിതാ കൃഷ്‌ണചന്ദ്രന്‍ എന്നിവരുണ്ട്‌.ബ്ലാക്കി’ല്‍ മമ്മൂട്ടിയുടെ മകളായി എത്തിയ ജാനകി തൊമ്മനും മക്കളും തുടങ്ങി ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. ഈ ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളാണ്‌ നിയമവിദ്യാര്‍ത്ഥിനികൂടിയായ ജാനകി.അനന്യയാണ്‌ മറ്റൊരു നായിക. ഈ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ്‌ ഇന്നസന്റ്‌ അവതരിപ്പിക്കുന്നത്‌- മാധവേട്ടന്‍. മാധവേട്ടന്റെ അകന്ന ബന്ധത്തിലെ കുട്ടികളാണ്‌ ഷീലയും ദീപയും. ഇവരെ യഥാക്രമം അനന്യയും ജാനകിയും അവതരിപ്പിക്കുന്നു.ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വച്ച്‌ മനോജ്‌ എന്ന ചെറുപ്പക്കാരന്‍ റിട്ടയേഡ്‌ കള്ളനായ കേളുവാശാന്റെ ബാഗ്‌ മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന്‍ തന്റെ പഴയ ശിഷ്യനായ കള്ളന്‍ ബെന്നിയുടെ അടുത്ത്‌ പരിശീലനത്തിനായി എത്തിക്കുന്നു.കള്ളന്‍ ഗുരുവിന്റെ കീഴില്‍ പരിശീലനത്തിനെത്തുന്ന പുതിയ തലമുറക്കാരനും. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഈ ചിത്രം.ഇവിടെ മനോജിനെ വിനയ്‌ ഫോര്‍ട്ടും കേളുവാശാനെ സുധീര്‍ കരമനയും ബെന്നിയെ ചെമ്പന്‍ വിനോദും അവതരിപ്പിക്കുന്നു. സുനില്‍ സുഖദ, കലാഭവന്‍ ഷാജോണ്‍, തെസ്‌നി ഖാന്‍ എന്നിവരും പ്രധാന താരങ്ങളാണ്‌.ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ ഗോപിസുന്ദര്‍ ഈണം പകരുന്നു.വിഷ്‌ണുനാരായണനാണ്‌ ഛായാഗ്രാഹകന്‍. എഡിറ്റിംഗ്‌ ലിജോപോള്‍, കലാസംവിധാനം- ശ്യാം. മേക്കപ്പ്‌- അജയ്‌ എസ്‌. രാജ്‌, വസ്‌ത്രാലങ്കാരം- മഷര്‍ ഹംസ. ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- പ്രവീണ്‍ ചന്ദ്രന്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍- അംബ്രു, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- സേതു മണ്ണാര്‍ക്കാട്‌, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌- ബിജു തോമസ്‌, പ്ര?ഡക്‌്ഷന്‍ മാനേജര്‍- വിനോദ്‌ ശേഖര്‍, ഫോട്ടോ- ഹാസിഫ്‌ ഹക്കിം.മോബിന്‍ മോഹന്‍, പോള്‍ ചെമ്പകശേരില്‍ എന്നിവരാണ്‌ എക്‌സിക്യുട്ടീവ്‌ പ്ര?ഡ്യൂസേഴ്‌സ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്‌, തൃശൂര്‍, പഴനി (പൊള്ളാച്ചി) എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

RELATED NEWS

Leave a Reply