അന്‍വര്‍ സാദിഖിന്റെ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’

Theatre

വിനീത്‌ ശ്രീനിവാസന്റെ സാന്നിധ്യം വീണ്ടും മലയാളസിനിമയില്‍. ഗായകനായി. പിന്നെ അഭിനേതാവായി. അതിനുശേഷം തിരക്കഥ രചിച്ച്‌ സംവിധായകനായി. വീണ്ടും അഭിനേതാവായി എത്തുകയാണ്‌ വിനീത്‌ ശ്രീനിവാസന്‍. ചിത്രം ‘ഓര്‍മ്മയുണ്ടോ ഈ മുഖം.’
മലയാളത്തിലെ ചലച്ചിത്ര പ്രേമികള്‍ ഏറ്റെടുത്ത ഒരു വാചകം- ഓര്‍മ്മയുണ്ടോ ഈ മുഖം. അതുകൊണ്ടുതന്നെ ഈ പേരിലൂടെ എത്തുന്ന ചിത്രത്തിനും ഏറെ കൗതുകമുണ്ടാകാം. വിനീത്‌ ശ്രീനിവാസന്‍, വി.കെ. പ്രകാശ്‌ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന അന്‍വര്‍ സാദിഖാണ്‌ ഈ ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത്‌.ഒരു മെട്രോ നഗരത്തിലെ അപ്പര്‍ ക്ലാസ്‌ ഫാമിലിയില്‍ നടക്കുന്ന ഒരു കഥയാണ്‌ ഈ ചിത്രത്തിന്റേത്‌. പ്രധാനമായും മൂന്നുകഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥാവികസനം. വിനീത്‌ ശ്രീനിവാസന്‍, അജു വര്‍ഗീസ്‌, നമിതാ പ്രമോദ്‌ എന്നിവരാണിവര്‍. ശ്രദ്ധേയമായ രണ്ടു കഥാപാത്രങ്ങളെ രോഹിണിയും മുന്‍ നായിക ലക്ഷ്‌മിയും അവതരിപ്പിക്കുന്നു.വിനീത്‌ ശ്രീനിവാസന്‍ വല്ലപ്പോഴുമൊക്കെ സിനിമയില്‍ കാണുന്ന വ്യക്‌തിയാണ്‌. ഇപ്പോള്‍ തന്റെതന്നെ സഹായിയായിരുന്ന പ്രജിത്തിനുവേണ്ടി തിരക്കഥ ഒരുക്കുകയാണ്‌. ആ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്‌. പിന്നീട്‌ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാനും കരാറായിട്ടുണ്ട്‌.അതു കഴിഞ്ഞാല്‍ താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ എഴുത്തുമായി കയറും. ആ ജോലി തീരുന്നതുവരെ മറ്റൊരു ചിത്രവുമായി ബന്ധപ്പെടാനില്ല. ലൊക്കേഷനില്‍വച്ച്‌ വിനീത്‌ പറഞ്ഞു.
വിനീത്‌ ശ്രീനിവാസന്‍ അഭിനയിക്കുന്നത്‌ തന്റെ ശിഷ്യന്റെ ചിത്രത്തിലാണെങ്കില്‍ അജുവര്‍ഗീസ്‌ ഇവിടെ അഭിനയിക്കുന്നത്‌ തന്റെ ഗുരുവിനൊപ്പമാണ്‌. അജുവര്‍ഗീസിന്‌ വിനീത്‌ ശ്രീനിവാസന്‍ ഗുരുവാണ്‌.
വിനീതിന്റെ ആദ്യചിത്രമായ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബി’ലൂടെയാണല്ലോ ഒരു സംഘം യുവതാരങ്ങള്‍ കടന്നുവരുന്നത്‌. പ്രധാനമായും നിവിന്‍ പോളി, അജുവര്‍ഗീസ്‌, ഭഗത്‌ മാനുവല്‍ എന്നിവര്‍. ഇവരെല്ലാം ഇന്ന്‌ തങ്ങളുടെ സ്‌ഥാനം ഉറപ്പിച്ചിരിക്കുന്നു. അജു വര്‍ഗീസ്‌ ഇന്നും പ്രേക്ഷകര്‍ക്കിടയിലെ ഏറെ കൗതുകം പകരുന്ന അഭിനേതാവാണ്‌.
ഗൗതം എന്ന യുവ ബിസിനസുകാരനും നിത്യയും നിത്യവും കണ്ടുമുട്ടുന്നു. ഗൗതം തന്റെ അമ്മ വസുന്ധരാ ദേവിയുടെ കമ്പനിയുടെ നടത്തിപ്പുകാരന്‍ കൂടിാണ്‌. ബിസിനസ്‌ രംഗത്തും വ്യക്‌തിജീവിതത്തിലുമെല്ലാം ഗൗതത്തിനു പിന്നില്‍ അമ്മയുടെ നിര്‍ണായകമായ സ്വാധീനമുണ്ട്‌. മകന്റെ വളര്‍ച്ചയില്‍ അവര്‍ ഏറെ പ്രതീക്ഷിക്കുന്നു. ഏറെ കഴിവുകളുള്ള ഒരു സ്‌ത്രീ.
ഗൗതവും നിത്യയുമായുള്ള ഗാഢമായ പ്രണയത്തിലേക്കു നീങ്ങി. ഈ പ്രണയം ഇരുവരുടെയും കുടുംബജീവിതത്തിലും വ്യക്‌തിജീവിതത്തിലും ഉളവാക്കുന്ന സംഭവങ്ങളാണ്‌ ഏറെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.
സംഗീതത്തിനും നര്‍മ്മത്തിനും ഏറെ പ്രാധാന്യം നല്‍കിയുള്ള ഒരു ഫുള്‍ ഫണ്‍ ഫിലിമാണ്‌ ഈ ചിത്രം.
ഗൗതത്തെ വിനീത്‌ ശ്രീനിവാസനും നിത്യയെ നമിതാപ്രമോദുമാണ്‌ അവതരിപ്പിക്കുന്നത്‌. രോഹിണിയാണ്‌ വസുന്ധരാദേവിയെ അവതരിപ്പിക്കുന്നത്‌. അജുവര്‍ഗീസ്‌, മുകേഷ്‌, ഇടവേള ബാബു, അഞ്‌ജു അരവിന്ദ്‌, സൗമ്യ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. ഗാനങ്ങള്‍, വിനീത്‌ ശ്രീനിവാസന്‍, മധു മഞ്‌ജിത്ത്‌. ഷാന്‍ റഹ്‌മാന്റേതാണ്‌ സംഗീതം.
ജിത്തു ദാമോദര്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.കലാസംവിധാനം- സുരേഷ്‌ കൊല്ലം, മേക്കപ്പ്‌- റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം- സമീറാ സനീഷ്‌, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- വാവ കൊട്ടാരക്കര, അസോസിയേറ്റ്‌ ഡയറക്‌ടേഴ്‌സ്- അനില്‍ എബ്രഹാം, ശ്രീകാന്ത്‌ പണിക്കര്‍, സഹസംവിധാനം- റെനിത്‌ ഇളമാട്‌, ഷാഫി മേപ്പാടി, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്‌, പ്ര?ഡക്‌്ഷന്‍ എക്‌സിക്യുട്ടീവ്‌- റിനി ദിവാകര്‍, മാനേജര്‍- വിനോദ്‌ ശേഖര്‍.
ആര്‍.ജെ. ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ എളങ്ങളം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂന, ബാംഗ്ലൂര്‍, കൊച്ചി, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. ആര്‍.ജെ. ഫിലിംസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

RELATED NEWS

Leave a Reply