പ്രണയമഴയില്‍ മൊയ്‌തീനും കാഞ്ചനമാലയും

Theatre

പ്രണയം അസുലഭമായ അനുഭൂതിയാണ്‌. പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ഹൃദയങ്ങളുടെ വൈകാരികതയാണ്‌ പ്രണയചകോരങ്ങള്‍ക്ക്‌ എനര്‍ജി നല്‍കുന്നത്‌. പ്രണയിനിക്കുവേണ്ടി സ്വന്തം കാതറുത്ത്‌ ചോരയില്‍ കുളിച്ചുനിന്ന ഒറ്റക്കാതനായ കാമുകന്‍ വിന്‍സന്റ്‌ വാന്‍ഗോഗ്‌ പ്രണയത്തിന്റെ രക്‌തസാക്ഷിയാണ്‌. ഇന്ത്യന്‍ പ്രണയത്തിന്റെ സുവര്‍ണ കുടീരമാണ്‌ ഷാജഹാന്‍ പണിതുയര്‍ത്തിയ താജ്‌മഹല്‍.കാനനഛായയില്‍ ആട്‌ മേയ്‌ക്കാന്‍ പോയ രമണന്റെയും ചന്ദ്രികയുടെയും പ്രണയത്തിന്റെ സത്യം മലയാളിയുടെ ഹൃദയങ്ങളില്‍ പെയ്‌തിറക്കി മാംസബദ്ധ മല്ലീരാഗമെന്ന്‌ ഉദ്‌ഘോഷിച്ച്‌ ആത്മഹനനത്തിന്റെ വഴിയിലൂടെ നടന്നുപോയ ചങ്ങമ്പുഴ വായനയുള്ള മലയാളിയുടെ മനസിലെ നീറ്റലാണ്‌.പ്രണയമെന്ന വാക്കിന്‌ അര്‍ത്ഥമില്ലാതാവുകയും പ്രണയലേഖനങ്ങള്‍ വിസ്‌മൃതിയിലേക്ക്‌ വലിച്ചെറിയപ്പെടുകയും പ്രണയമെന്നത്‌ മാംസത്തോടുള്ള കത്തുന്ന കാമാര്‍ത്തിയായി മാറുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത്‌ പ്രണയത്തിന്‌ വേണ്ടി ജീവിതം മാറ്റിവച്ച രണ്ടുപേരുടെ കഥ മലയാളത്തില്‍ സിനിമയാവുകയാണ്‌.
തൊള്ളായിരത്തി അറുപതുകളില്‍ മലയാളക്കരയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയകഥയിലെ നായകനും നായികയുമായിരുന്നു ബി.പി. മൊയ്‌തീനും കാഞ്ചനമാലയും.ഒരിക്കലും ഒന്നിക്കാനാവാതെ കാമുകനായ മൊയ്‌തീന്‍ തന്റെ 43-ാമത്തെ വയസില്‍ മരിച്ചു. മൊയ്‌തീന്‍ മരിക്കുമ്പോള്‍ 40 വയസുണ്ടായിരുന്ന കാഞ്ചനയ്‌ക്ക് ഇപ്പോള്‍ 74 വയസ്‌. കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ ഇപ്പോഴും ഇഷ്‌ടപ്രാണേശ്വരനെ മനസില്‍ അരക്കിട്ടുറപ്പിച്ച്‌ തന്റെ ജീവിതയാത്ര തുടരുന്നു.ബി.പി. മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും കഥ അഭ്രപാളിയിലെത്തുമ്പോള്‍ സംവിധായകന്‍ ആര്‍.എസ്‌. വിമല്‍ ചിത്രത്തിന്റെ പേര്‌ ‘എന്ന്‌ നിന്റെ മൊയ്‌തീന്‍’ എന്നാണ്‌ നല്‍കിയിരിക്കുന്നത്‌.പത്രപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആ.എസ്‌. വിമലിന്റെ ആദ്യചിത്രമാണിത്‌. മലയാളത്തിലെ മുഖ്യധാരയിലുള്ള പല സംവിധായകരും മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ സിനിമയാക്കണമെന്ന ആഗ്രഹവുമായി കാഞ്ചനമാലയെ സമീപിച്ചെങ്കിലും തങ്ങളുടെ പ്രണയകഥ സിനിമയാക്കാന്‍ കാഞ്ചനമാല സമ്മതിച്ചിരുന്നില്ല.കാഞ്ചനമാലയെക്കുറിച്ച്‌ സംവിധായകന്‍ ആര്‍.എസ്‌. വിമല്‍ ജലംകൊണ്ട്‌ മുറിവേറ്റവള്‍ എന്നൊരു ഡോക്യുമെന്ററി ഉണ്ടാക്കിയിരുന്നു. ഡോക്യുമെന്ററി ഇഷ്‌ടപ്പെട്ടപ്പോഴാണ്‌ കാഞ്ചനമാല തന്റെയും മൊയ്‌തീന്റെയും പ്രണയകഥ സിനിമയാക്കാന്‍ സമ്മതമാണെന്ന്‌ വിമലിനെ അറിയിച്ചത്‌.കാമുകനായ മൊയ്‌തീന്‌ വേണ്ടി 25 വര്‍ഷമാണ്‌ കാഞ്ചനമാല വീട്ടുതടങ്കലില്‍ കഴിഞ്ഞത്‌. മൊയ്‌തീന്‍ വീട്ടുതടങ്കലിലായിരുന്ന തന്റെ പ്രണയിനിയായ കാഞ്ചനമാലയുമായി കത്തിടപാട്‌ നടത്താന്‍ സ്വന്തമായി ലിപിതന്നെ കണ്ടെത്തിയിരുന്നു.മൊയ്‌തീനും കാഞ്ചനമാലയ്‌ക്കും മാത്രം വായിക്കാനറിയാവുന്ന ലിപിയിലുള്ള നൂറുകണക്കിന്‌ പ്രണയലേഖനങ്ങള്‍ ഇപ്പോഴും കാഞ്ചനമാല പൊന്നുപോലെ സൂക്ഷിക്കുന്നു.മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥയുടെ തിരക്കഥയൊരുക്കാന്‍ സം വിധായകന്‍ ആര്‍.എസ്‌. വിമലിന്‌ അഞ്ചുവര്‍ഷം വേണ്ടിവന്നു. മൊയ്‌തീനായി അഭിനയിക്കാന്‍ വിമല്‍ കണ്ടെത്തിയത്‌ പൃഥ്വിരാജിനെയായിരുന്നു. കോഴിക്കോട്ടെ ക്രൗണ്‍ പ്ലാസയില്‍വച്ച്‌ നാലുമണിക്കൂര്‍ കൊണ്ടാണ്‌ വിമല്‍ പൃഥ്വിരാജിന്‌ തിരക്കഥ വായിച്ചു കേള്‍പ്പിച്ചത്‌.വിമല്‍ സംവിധാനം ചെയ്‌ത കാഞ്ചനമാലയെക്കുറിച്ചുള്ള ജലംകൊണ്ട്‌ മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി കണ്ടതോടെ പൃഥ്വിരാജ്‌ മൊയ്‌തീനാവാന്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.’എന്ന്‌ നിന്റെ മൊയ്‌തീന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടന്നത്‌ പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളജിലാണ്‌. നിരവധി സിനിമകളുടെ ചിത്രീകരണം നടന്നിട്ടുള്ള വിക്‌ടോറിയ കോളജില്‍ മെന്‍സ്‌ ഹോസ്‌റ്റലിന്റെ ബ്ലോക്ക്‌ വിമന്‍സ്‌ ഹോസ്‌റ്റലാക്കി മാറ്റിയാണ്‌ ചിത്രീകരണം നടന്നത്‌.ഷൂട്ടിംഗ്‌ തുടങ്ങി രണ്ടാഴ്‌ച കഴിഞ്ഞെങ്കിലും കേന്ദ്രകഥാപാത്രത്ത അവതരിപ്പിക്കാന്‍ പൃഥ്വിരാജ്‌ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തിട്ടില്ലെന്ന്‌ അണിയറപ്രവര്‍ത്തകര്‍ സിനിമാമംഗളത്തോട്‌ പറഞ്ഞു.പൃഥ്വിരാജിന്റെ അസാന്നിധ്യത്തില്‍ ബാലയും പാര്‍വതി മേനോനും തമ്മിലുള്ള പരമാവധി സീനുകള്‍ ചിത്രീകരിക്കുകയായിരുന്നു.തൊള്ളായിരത്തി അറുപതുകളില്‍ കോഴിക്കോട്ടെ മുക്കത്ത്‌ വലിയൊരു ഹീറോ ജീവിച്ചിരുന്നു. ബി.പി. മൊയ്‌തീനെന്ന ഈ ഹീറോ അറിയപ്പെടുന്ന ഫുട്‌ബോള്‍ പ്ലെയറായിരുന്നു. ഒത്ത ഉയരവും സൗന്ദര്യവുമുള്ള മൊയ്‌തീന്റെ അച്‌ഛന്‍ നാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ അച്‌ഛന്റെ രാഷ്‌ട്രീയത്തോട്‌ കൂറു പുലര്‍ത്താതെ മൊയ്‌തീന്‍ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറി.നാട്ടിലെ കാര്യങ്ങളിലൊക്കെ സജീവസാന്നിധ്യമായിരുന്ന മൊയ്‌തീന്‌ എം.ടി. വാസദേവന്‍ നായരുമായി സൗഹൃദമുണ്ടായിരുന്നു. മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് ലേഖകനായും പ്രവര്‍ത്തിച്ചു. ശരിക്കും മൊയ്‌തീന്‍ ഒരുതരം റിബലായിരുന്നു. ഈ ഘട്ടത്തില്‍ മുക്കത്ത്‌ കാഞ്ചനമാലയെന്ന പെണ്‍കുട്ടിയും പൊതുരംഗത്ത്‌ സജീവമായിരുന്നു.അനീതികള്‍ക്കെതിരെ പൊടുന്നനെ പ്രതികരിച്ചിരുന്ന കാഞ്ചനമാലയും റിബലായിരുന്നു. ബി.പി. മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും മനസില്‍ പ്രണയം കടന്നുവന്നു.മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും അച്‌ഛന്മാര്‍ ഉറ്റചങ്ങാതിമാരായിരുന്നു. ഈ സൗഹൃദം ഇരുവരെയും കടുതല്‍ അടുപ്പത്തിലാക്കാന്‍ സഹായിച്ചു. മുസ്ലീമായ മൊയ്‌തീനും ഹിന്ദുവായ കാഞ്ചനയും പ്രണയത്തിലാണെന്നറിഞ്ഞതോടെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നമായി.കാഞ്ചനമാല വീട്ടുതടങ്കലിലായി. കത്തുകള്‍ ആരും വായിക്കാതിരിക്കാന്‍ പത്തുവര്‍ഷംകൊണ്ട്‌ ഇവര്‍ക്കു മാത്രം വായിക്കാന്‍ കഴിയുന്ന ലിപി തന്നെ മൊയ്‌തീനും കാഞ്ചനമാലയും കണ്ടെത്തി.കാഞ്ചനമാല തുടര്‍ച്ചയായി 25 വര്‍ഷമാണ്‌ വീട്ടുതടങ്കലിലായത്‌. ഒരിക്കലും ഒന്നിക്കാനാവാതെ 1983-ല്‍ 43-ാമത്തെ വയസില്‍ മൊയ്‌തീന്‍ മരിച്ചു.മൊയ്‌തീന്റെ സഹോദരന്‍ ബി.പി. റഷീദിന്റെ മകന്‍ റോഷനും ചിത്രത്തില്‍ അഭിനയിക്കുന്നു.ബി.പി. മൊയ്‌തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാര്‍വതി മേനോനുമാണ്‌ അഭിനയിക്കുന്നത്‌. കാഞ്ചനമാലയുടെ സഹോദരന്‍ സേതുവെന്ന കഥാപാത്രമായി ബാല വേഷമിടുന്നു.74 വയസായെങ്കിലും മുക്കത്ത്‌ ബി.പി. മൊയ്‌തീന്‍ സ്‌മാരക ട്രസ്‌റ്റിന്റെ പ്രവര്‍ത്തനങ്ങളിലും കാഞ്ചനമാല പങ്കാളിയാവാറുണ്ട്‌.പ്രണയകഥയായ ‘എന്ന്‌ നിന്റെ മൊയ്‌തീന്‍’ എന്ന ചിത്രത്തില്‍ സായ്‌കുമാര്‍, ലെന, ടോവിനൊ, സുധീഷ്‌, ദേവഗ, കലാരഞ്‌ജിനി, ശ്രീജിത്ത്‌ രവി, ശശികുമാര്‍, ശിവജി ഗുരുവായൂര്‍, കോഴിക്കോട്‌ നാരായണന്‍ നായര്‍ എന്നിവരാണ്‌ അഭിനേതാക്കള്‍.

RELATED NEWS

Leave a Reply