തിരുവനന്തപുരം, ഓഗസ്റ്റ് 14, 2026: ലോക അവയവദാന ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യ ജീവൻ രക്ഷിക്കുന്നതിൽ അവയവദാനത്തിനുള്ള മഹത്തായ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രചോദനം പകരുന്നതിനുമായി സ്കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം മുൻ ജയിൽ വകുപ്പ് ഡയറക്ടർ ജനറലായ ഋഷിരാജ് സിംഗ് IPS (Retd) നിർവഹിച്ചു. “ഓർഗൻ ഡൊണേഷൻ – ബീ എ മിറക്കിൾ ഇൻ സംവൺസ് ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20-ലധികം സ്കൂളുകൾ പങ്കെടുത്തു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
“അവയവദാനം ഏറ്റവും മഹത്തായ സേവനപ്രവർത്തനങ്ങളിലൊന്നാണ്. അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ ഒരു രോഗിക്ക് പുതുജീവിതം നൽകുന്നതിനൊപ്പം ഒരു കുടുംബത്തിന് മുഴുവൻ പ്രതീക്ഷയും പകർന്നു നൽകാൻ നമുക്ക് സാധിക്കുന്നു, അധ്യക്ഷ പ്രസംഗത്തിൽ കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. യുവതലമുറയിൽ അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് അവയവദാനത്തിന്റെ മൂല്യം മനസ്സിലാക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”
“പല വിദേശ രാജ്യങ്ങളിലും ഒരാൾ മരണപ്പെട്ടാൽ ആ ശരീരത്തിൽ നിന്നും അവയവങ്ങൾ ദാനം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. അവയവദാനത്തിന് സ്വാഭാവിക അനുമതി നൽകിയതായി കണക്കാക്കുന്ന നിയമസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനം നടക്കുന്നത്. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികൾക്ക് പുതുജീവൻ നൽകുന്നതിനുമായി ഇന്ത്യയും സമാനമായ സംവിധാനം പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് ഉദഘാടന പ്രസംഗത്തിൽ ഋഷിരാജ് സിംഗ് പറഞ്ഞു”.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പവൻ ഒന്നാം സ്ഥാനവും അൽമ എയ്ഞ്ചൽ രണ്ടാം സ്ഥാനവും നിഖിത എസ്. അനിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഹെലൻ ജോസഫ് ഒന്നാം സ്ഥാനവും ജോയൽ ലിനോജ് രണ്ടാം സ്ഥാനവും ആര്യനന്ദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിംസ്ഹെൽത്ത് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. ദീപ ദാസ് സ്വാഗതം ആശംസിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ
ഇ. എം. നജീബും കെസോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസും ആശംസകൾ നേർന്നു. കിംസ്ഹെൽത്ത് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. അജ്മൽ അബ്ദുൽ കരീം നന്ദി രേഖപ്പെടുത്തി.