പമ്പ: ശബരിമല തീർഥാടനത്തിനിടെ ധരിച്ച വസ്ത്രങ്ങൾ അഴിച്ച് പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ട ദുരാചാരമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. പമ്പയുടെയും ശബരിമലയുടെയും പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഭക്തർ കൂടുതൽ ഉത്തരവാദിത്വം പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വാഹനങ്ങളുടെ മുൻവശത്ത് കർപ്പൂരം കത്തിക്കുന്നതും പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ ഉൾപ്പെടെയുള്ള വസ്തുക്കൾ തീർഥാടനകേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതും കർശനമായി ഒഴിവാക്കണം. ഇത്തരം പ്രവൃത്തികൾ പരിസ്ഥിതി മലിനീകരണത്തിനും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിശ്വാസത്തിന്റെ മാത്രമല്ല, പ്രകൃതിയുടെ കൂടി പുണ്യഭൂമിയാണ്. അതിനാൽ പമ്പയിലും സന്നിധാനത്തും മാലിന്യങ്ങൾ വലിച്ചെറിയാതെയും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കിയും തീർഥാടനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം.
ശബരിമലയെ പുണ്യമലയായി സംരക്ഷിക്കേണ്ടത് ദേവസ്വം ബോർഡിന്റെയോ സർക്കാർ സംവിധാനങ്ങളുടെയോ മാത്രം ഉത്തരവാദിത്വമല്ല. ഓരോ ഭക്തനും ഇക്കാര്യത്തിൽ ബാധ്യതയുണ്ടെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ശബരിമലയുടെ പരിശുദ്ധിയും പ്രകൃതിസൗന്ദര്യവും വരുംതലമുറയ്ക്കായി നിലനിർത്താൻ കഴിയൂവെന്നും കെ. ജയകുമാർ വ്യക്തമാക്കി.
