പാലക്കാട്. സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽ നിന്നും പാലക്കാട് ജില്ലയെ മോചിപ്പിക്കുമെന്നു പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയൽ സംസ്ഥാനക്കാരായ വട്ടിപലിശക്കാരുടേയും ഓൺലൈൻ ആപ്പുകളുടേയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്.ഇവരിൽ നിന്നും ഘട്ടം ഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലുമുള്ള സമഗ്ര 2026 വായ്പയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ‘സമഗ്ര 2026’ ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.
വനിതകൾക്കാണ് ഇപ്പോൾ സമഗ്ര വായ്പാ നൽകി വരുന്നത് .സ്ത്രീകളിലൂടെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം കൂടി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും .ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകൾക്കും പലിശരഹിത വായ്പകളും തുച്ഛമായ പലിശ നിരക്കിലുള്ള വായ്പകളും സമഗ്ര 2026 ലൂടെ വിതരണം ചെയ്യും.അടുത്ത ഘട്ടത്തിൽ സമഗ്ര വായ്പാ പദ്ധതി പുരുഷന്മാർക്കു കൂടി അനുവദിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വായ്പാ പദ്ധതി പുരുഷന്മാർക്കും ഉപയോഗപ്രദമാകുന്ന നിലയിൽ വേഗത്തിൽ പരിഷ്കരിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത പാലക്കാട് എം പി വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. തുടർന്ന് സമഗ്ര 2026 കൈപ്പുസ്തകം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻഎം ഡി കെ. അഞ്ജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ എ. പ്രഭാകരൻ, പി. പി. സുമോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അബ്ദുൽ ലത്തീഫ്, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ കെ. ദേവകി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.