പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരമായ അടിസ്ഥാന സൗകര്യ അപര്യാപ്തതകൾ അടിയന്തരമായി പരിഹരിച്ച് രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി പരാതി നൽകി.
2014ൽ ആരംഭിച്ച മെഡിക്കൽ കോളേജ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു സമ്പൂർണ ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർണമായി ഒരുക്കാൻ കഴിയാത്തത് ഗുരുതരമായ ഭരണപരാജയമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
അത്യാഹിത വിഭാഗത്തിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ലഭ്യമല്ലെന്നാരോപിച്ച് ഹൗസ് സർജൻമാർ തന്നെ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കേണ്ടിവന്ന സാഹചര്യം മെഡിക്കൽ കോളേജിന്റെ യഥാർഥ അവസ്ഥ വ്യക്തമാക്കുന്നതാണ്. അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർക്ക് പോലും സ്വന്തം ആശുപത്രിയിൽ ആവശ്യമായ പ്രാഥമിക ചികിത്സ നൽകാനോ എക്സ്റേ, സി.ടി. സ്കാൻ തുടങ്ങിയ പരിശോധനകൾ നടത്താനോ കഴിയാത്ത സാഹചര്യമുണ്ടായെന്ന റിപ്പോർട്ടുകളും ആശങ്കാജനകമാണെന്ന് പരാതിയിൽ വ്യക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കേണ്ട ലബോറട്ടറി, ഫാർമസി സംവിധാനങ്ങളുടെ അപര്യാപ്തതയും രക്തപരിശോധന, എക്സ്റേ തുടങ്ങിയ അടിസ്ഥാന പരിശോധനകൾക്കുപോലും രോഗികളെ പുറത്തേക്ക് അയയ്ക്കേണ്ടിവരുന്ന സാഹചര്യവും അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
രോഗികളെ ചികിത്സിക്കുന്നതിനുപകരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും റഫർ ചെയ്യാനുള്ള കേന്ദ്രമായി മെഡിക്കൽ കോളേജ് മാറുന്ന സാഹചര്യം അവസാനിപ്പിക്കണം. വലിയ കെട്ടിടങ്ങൾ മാത്രമുണ്ടാക്കി മെഡിക്കൽ കോളേജിന്റെ പേരിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകുകയും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഷെരീഫ് പട്ടാമ്പി പറഞ്ഞു.
പാലക്കാട് ജില്ലയിലെ സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുമാണ് പ്രധാനമായും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ ഉയർന്ന ചികിത്സാചെലവ് താങ്ങാൻ കഴിയാത്ത ജനങ്ങളുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളേജിൽ അടിസ്ഥാന ചികിത്സ പോലും ലഭിക്കാത്തത് സാമൂഹികനീതിയുടെ പ്രശ്നം കൂടിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സർക്കാർ നേരത്തെ 100 ദിവസത്തെ കർമ്മപരിപാടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രോഗികൾക്ക് ഇനി പ്രഖ്യാപനങ്ങളല്ല, അടിയന്തരമായി ചികിത്സാ സൗകര്യങ്ങളാണ് ആവശ്യമെന്ന് ഷെരീഫ് പട്ടാമ്പി പറഞ്ഞു.
അത്യാഹിത വിഭാഗം, പരിശോധനാ സംവിധാനങ്ങൾ, ലബോറട്ടറി, ഫാർമസി, മരുന്നുകളുടെ ലഭ്യത, ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം എന്നിവ സംബന്ധിച്ച് അടിയന്തര പരിശോധന നടത്തണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിച്ച് ആശുപത്രിയെ പൂർണമായി പ്രവർത്തനസജ്ജമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഹൗസ് സർജൻമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉന്നയിച്ച പരാതികൾ അധികൃതർ ഗൗരവമായി പരിഗണിക്കണം. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വീഴ്ചകൾ ഉണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിലെ മുഴുവൻ പോരായ്മകളും പരിഹരിക്കുന്നതിന് സമയബന്ധിതമായ പദ്ധതി തയ്യാറാക്കുകയും വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാനുള്ള ഇടത്താവളമായി തുടരാൻ അനുവദിക്കാനാവില്ല. പാലക്കാട് മെഡിക്കൽ കോളേജിനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സമ്പൂർണ ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതുവരെ ശക്തമായ ജനകീയ ഇടപെടലുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്നും ഷെരീഫ് പട്ടാമ്പി വ്യക്തമാക്കി.