anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാലിക്കറ്റിനെ ആറ് വിക്കറ്റിന് തോല്പിച്ച് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം

തിരുവനന്തപുരം: കെസിഎല്ലിലെ നിർണ്ണായക പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 6 വിക്കറ്റിന് തോല്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്സ് സെമി പ്രതീക്ഷകൾ നിലനി‍ർത്തി. കാലിക്കറ്റ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 16 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു. ഇതോടെ വ്യാഴാഴ്ച നടക്കുന്ന കാലിക്കറ്റ് – ട്രിവാൺഡ്രം പോരാട്ടം ടൂർണമെന്റിലെ നിർണ്ണായക മത്സരമായി മാറി. നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിൻ്റ് വീതമാണുള്ളത്. ട്രിവാൺഡ്രത്തിനെതിരെ കാലിക്കറ്റ് ജയിച്ചാൽ കൊല്ലത്തെ പിന്തള്ളി അവർ സെമിയിലേക്ക് മുന്നേറും. കാലിക്കറ്റ് തോറ്റാൽ കൊല്ലത്തിന് സെമിയിലേക്ക് വഴിതുറക്കും.

കാലിക്കറ്റ് ​ഗ്ലോബ്സറ്റാ‍ർസ് – 20 ഓവറിൽ 175/4, ഏരീസ് കൊല്ലം സെയിലേഴ്സ് – 17.2 ഓവറിൽ 179/4

വിജയം അനിവാര്യമായ മത്സരത്തിൽ കാലിക്കറ്റിന്റെ തുടക്കം പാളി. ടീമിന്റെ ബാറ്റിങ് കരുത്തായ രോഹൻ കുന്നുമ്മൽ 12 റൺസുമായി മടങ്ങി. നിലയുറപ്പിക്കും മുൻപ് അഖിൽ സ്കറിയയും കെ. എസ്. അരവിന്ദും കൂടി മടങ്ങിയതോടെ തുടക്കത്തിൽ തന്നെ കാലിക്കറ്റ് പ്രതിരോധത്തിലായി. ഇരുവരെയും മുഹമ്മദ് ഇഷാഖ് ഒരേ ഓവറിലാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ചുനിന്ന വരുൺ നായനാർ കൂടി മടങ്ങുമ്പോൾ 10.3 ഓവറിൽ നാല് വിക്കറ്റിന് 65 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്.

പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച സൽമാൻ നിസാർ – അബ്ദുൾ ബാസിദ് സഖ്യം വീണ്ടുമൊരിക്കൽ കൂടി കാലിക്കറ്റിന് തുണയായി. വെറും 57 പന്തുകളിൽ 110 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഇരുവരും 32 പന്തുകളിൽ നിന്നാണ് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 39 പന്തുകളിൽ നിന്ന് ഒരു ഫോറും ആറ് സിക്സുമടക്കം പുറത്താകാതെ 62 റൺസാണ് അബ്ദുൾ ബാസിദ് നേടിയത്. സൽമാൻ നിസാർ 32 പന്തുകളിൽ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസും നേടി പുറത്താകാതെ നിന്നു. വിജയ് വിശ്വനാഥ് എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. കൊല്ലത്തിനു വേണ്ടി മുഹമ്മദ് ഇഷാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയിലേഴ്സിന് രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ. നായരുടെ വിക്കറ്റ് നഷ്ടമായി. ഇബ്നുൽ അഫ്താബ് ഉജ്ജ്വലമായൊരു ഇൻസ്വിങ്ങറിലൂടെ അഭിഷേകിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ കാലിക്കറ്റിന്റെ ബൗളർമാർ സെയിലേഴ്സിന്റെ സ്കോറിങ് ദുഷ്കരമാക്കി. ആറാം ഓവറിൽ തുടരെ മൂന്ന് പന്തുകൾ അതിർത്തി കടത്തിയ ആനന്ദ് കൃഷ്ണൻ അടുത്ത ഓവറിൽ പുറത്തായി. കാലിക്കറ്റ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ ഒത്തുചേർന്ന വത്സൽ ഗോവിന്ദും അജിനാസും ചേർന്നാണ് കളിയുടെ ഗതി മാറ്റിയത്.

തുടക്കം മുതൽ മികച്ച ഷോട്ടുകൾ പായിച്ച അജിനാസ് സീസണിൽ ആദ്യമായി തകർപ്പൻ ഫോമിലേക്ക് ഉയർന്നപ്പോൾ കാര്യങ്ങൾ കൊല്ലത്തിനായി അനുകൂലമായി. വത്സൽ ഗോവിന്ദ് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 100 റൺസിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിന് വിജയമൊരുക്കിയത്. 34 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 64 റൺസുമായി അജിനാസ് പുറത്താകാതെ നിന്നു. വത്സൽ ഗോവിന്ദ് 42 റൺസെടുത്ത് പുറത്തായി. 16 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ സെയിലേഴ്സ് ലക്ഷ്യത്തിലെത്തി. കാലിക്കറ്റിന് വേണ്ടി അഖിൻ സത്താർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051