സിനിമ സമ്പന്നരുടെ ആഡംബരവസ്തുവല്ല, സാധാരണക്കാരുടെ ആവശ്യവസ്തുവാണ്.’ എന്നുറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം കലാസാംസ്കാരിക പ്രവർത്തകരുടെ സൃഷ്ട്യുന്മുഖ കൂട്ടായ്മയാണ് പാലക്കാട് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ്.
പൊതുജനങ്ങളിൽ നിന്ന് പിരിവു നടത്താതെയും, ഗുണഭോക്താക്കളിൽ നിന്ന് പണം ഈടാക്കാതെയും രണ്ടു പതിറ്റാണ്ടിലേറെയായി ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുക, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുക, ചലച്ചിത്ര ആസ്വാദന ക്ലാസുകൾ നടത്തുക, സാധാരണക്കാർക്കായി സൗജന്യമായി ഗ്രാമപ്രദേശങ്ങളിൽ ക്ലാസ്സിക് സിനിമകളുടെ പ്രദർശനം നടത്തുക, നല്ല സിനിമയ്ക്കുവേണ്ടി ആയുഷ്കാലം മുഴുവൻ പ്രവർത്തിച്ചവരെ ആദരിക്കുക, തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇൻസൈറ്റു കൂട്ടായ്മ ആദ്യമായി മുഖ്യധാരാസിനിമയുടെ ലോകത്തേയ്ക്കു പ്രവേശിച്ചിരിക്കുകയാണ്.
പ്രേക്ഷകപ്രശംസനേടിയ ‘കളിയച്ഛനും’ ‘പൊരിവെയിലും’ വേറിട്ടു നിൽക്കുന്ന നിരവധി ഡോക്യൂമെന്ററികളും സംവിധാനം ചെയ്ത ഫറൂഖ് അബ്ദുൾറഹിമാന്റെ സംവിധാനത്തിൽ പൂർത്തിയാക്കിയ ‘ഒഴിയാതെ’ എന്ന പ്രഥമ ഫീച്ചർ ചിത്രത്തോടെയാണ് ഇൻസൈറ്റ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
1975 ൽ നടപ്പാക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ ഫലമായി നാട്ടിലുടനീളം അരങ്ങേറിയ ഭരണകൂടഭീകരതയുടെ നഗ്നതാണ്ഡവം പാലക്കാട്ടെ ഒരു കുഗ്രാമത്തിലെ കൗമാരക്കാരുടെ നീറുന്ന വേദനയും അവരുടെ മാതാപിതാക്കന്മാരുടെ മനസ്സുകളിലെ മായാത്ത മുറിപ്പാടുകളുമായി ഒഴിയാതെ തുടരുന്നതിന്റെ സത്യസന്ധമായ പുനരാവിഷ്കാര.വും നേർക്കാഴ്ചയുമാണ് ‘ഒഴിയാതെ’ എന്ന സിനിമ. ഇതിന്റെ നിർമാണം ഇൻസൈറ്റിന്റെ പിന്തുണയോടെ നിർവ്വഹിച്ചത് ഇൻസൈറ്റിന്റെ സെക്രട്ടറിയായ മേതിൽ കോമളൻകുട്ടിയും, ഗാന രചന നിർവ്വഹിച്ചത് പ്രശസ്ത കവി മേതിൽ സതീശനും, സംഗീതം നൽകിയത് ബിജിബാലും, പാടിയത് പ്രണവം ശശി, ബിജിബാൽ എന്നിവരുമാണ്.
ഛായാഗ്രഹണം-സോണി സുകുമാരൻ, എഡിറ്റിംഗ് – പ്രേംസായി. – ശബ്ദ സന്നിവേശം- ഗണേഷ് മാരാർ, കലാ സംവിധാനം- പ്രമോദ് പള്ളിയിൽ, വേഷാലങ്കാരം- ലതാമോഹൻ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.
കോഴിക്കോട് സൻഹ സ്റ്റുഡിയോ ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്
ഭാരതത്തിന്റെ ക്രമസമാധാനസംവിധാനങ്ങളിലെയും, ഉദ്യോഗസ്ഥഭരണനിർവഹണ മേഖലകളിലെയും, നീതിന്യായവ്യവസ്ഥയിലെയും മായാക്കളങ്കമായി തീർന്ന ഒരു സംഭവത്തിന്റെ പച്ചയായ പുനരാവിഷ്കരണമാണ് ‘ഒഴിയാതെ’ എന്ന ഈ സിനിമ. നിയമവിരുദ്ധമായി 21 ദിവസം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ട 19 വിദ്യാർത്ഥികളുടെയും അവരുടെ മനംനൊന്തു നീറിയ കുടുംബങ്ങളുടെയും വേദനകളുടെയും വിഹ്വലതകളു ടെയും യഥാതഥ പുനരാഖ്യാനം! .
” ഒഴിയാതെ” സെപ്തംബർ 11 മുതൽ പ്രദർശനത്തിന്
1975 ജൂൺ 25ന് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. മാധ്യമങ്ങളുടെ നാവു കെട്ടി. രാഷ്ട്രീയഎതിരാളികളെല്ലാം തടവിലും ഒളിവിലും ആയി. ക്രമസമാധാനപാലനസംവിധാനങ്ങൾ ഭരണകൂടത്തിന്റെ ചട്ടുകങ്ങൾ മാത്രമായപ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ നാട്ടുനടപ്പായി. ഭരണാനുകൂലികളുടെ പകപോക്കലിനിരയായ നിഷ്കളങ്കരായ 19 സ്കൂൾ കുട്ടികൾ കൊടുവായൂർ സ്കൂളിൽനിന്നും പാലക്കാടു കോട്ടയ്ക്കുള്ളിലെ ജയിലിൽ അടയ്ക്കപ്പെട്ടു. ഒരു പ്രദേശം മുഴുവൻ ആശങ്കയുടെ മുൾമുനയിലായി. അനന്തമായി നീണ്ടുപോയെന്നു അനുഭവസ്ഥർക്കു തോന്നിപ്പിച്ച നീണ്ട 21 ദിവസങ്ങൾക്കുശേഷം കുട്ടികൾ വീടുകളിൽ തിരിച്ചെത്തിയപ്പോൾ ഒരു ഗ്രാമം മുഴുവൻ ഉത്സവലഹരിയിൽ ആറാടി. ഈ സംഭവത്തിന്റെ ജ്വലിക്കുന്ന കനലുകൾ ഇത്രയും വർഷങ്ങളായി സാമൂഹികവിസ്മൃതിയുടെ ചാരം മൂടിക്കിടക്കുകയായിരുന്നു – ‘ഒഴിയാതെ’ പുറത്തുകൊണ്ടു വരും വരെ.
പാലക്കാടിന്റെയും സമീപ പ്രദേശങ്ങളുടെയും വിവിധ മേഖലകളിൽ നിന്നുള്ള, സാധാരണക്കാരിൽ സാധാരണക്കാരായ ഇരുന്നൂറ്റിയൻപതോളം കലാകാരന്മാരുടെ കൂട്ടായ്മയിലൂടെയാണ് “ഒഴിയാതെ” എന്ന ഈ സിനിമ പിറവി കൊണ്ടത്.. അൻപതുകൊല്ലം മുൻപത്തെ മനുഷ്യരെയും, അവരുടെ പെരുമാറ്റ രീതികളെയും, അവരുടെ ജീവിത പരിസരങ്ങളെയും പുനരാവിഷ്കരിക്കുക എന്നത് ബാലികേറാമലയായി തോന്നിയെങ്കിലും ഒത്തൊരുമിച്ചുള്ള അക്ഷീണപ്രയത്നത്തിന്റെ ഫലമായി എല്ലാ വെല്ലുവിളികളും നേരിടാനായി എന്ന ചാരിതാർഥ്യമുണ്ട്.. വെറും ഒരു സിനിമ എന്നതിലുപരി, ഒരു കൂട്ടായ്മയുടെ സ്വപ്നത്തിന്റെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ഫലമാണ് ഈ ചിത്രം.
2026 സെപ്തംബര് 11നു കേരളത്തിലുടനീളം ഒഴിയാതെ റിലീസ് ചെയ്യപ്പെടുന്നു. ആദ്യഘട്ടത്തിൽ ഏകദേശം 35 തിയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യാൻ ടീം ഇൻസൈറ്റിന് സാധിക്കുന്നത്. പരിമിതമായ സാഹചര്യങ്ങൾക്കിടയിലും ഒരു മികച്ച സിനിമ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള പരമാവധി ശ്രമമാണ് ഇൻസൈറ്റ് നടത്തുന്നത്. കലാമൂല്യവും സാമൂഹിക പ്രസക്തിയുമുള്ള ഒരു നല്ല സിനിമ ഒരുക്കാൻ ഇൻസൈറ്റ് ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഒരു സിനിമയുടെ യഥാർത്ഥ വിജയം അത് പ്രേക്ഷകരിലേക്ക് എത്തുമ്പോഴാണ്. അതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നു.
ടീം ഇൻസൈറ്റിനു വേണ്ടി
മേതിൽ കോമളൻകുട്ടി