മലയാള സിനിമയിൽ അടുത്ത കാലത്തിറങ്ങിയ മികച്ച പോലീസ് അന്വേഷണ ത്രില്ലറുകളുടെ നിരയിലേക്ക് ശക്തമായ സാന്നിധ്യമായി മാറുകയാണ് ‘പ്രഥമ ദൃഷ്ടിയാ കുറ്റക്കാർ’. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണരീതിയും യഥാർത്ഥ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന തിരക്കഥയും ചിത്രത്തെ വേറിട്ടുനിർത്തുന്നു.
സംവിധായകന്റെ കൈയൊപ്പ്: ഷഹദ് നിലമ്പൂർ
പൂക്കോട്ടുംപാടം സ്വദേശിയായ ഷഹദ് നിലമ്പൂർ തന്റെ സംവിധാന മികവ് മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ശ്രദ്ധേയമായ ‘ഒപ്പന’ എന്ന ഷോർട്ട് ഫിലിമിലൂടെ തുടക്കമിട്ട്, ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ’യിൽ അസിസ്റ്റന്റായി പ്രവർത്തിച്ച് നേടിയ പ്രായോഗിക പരിചയസമ്പത്താണ് ഷഹദിന്റെ കരുത്ത്. മുൻപ് സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ലൈറ്റ്-ഹാർട്ടഡ് ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഒരു സർവീസ് ലൈഫുള്ള യഥാർത്ഥ പോലീസുകാരനുമായി ചേർന്ന് തയ്യാറാക്കിയ തിരക്കഥയായതിനാൽ പോലീസ് അന്വേഷണങ്ങളുടെ സൂക്ഷ്മാംശങ്ങളും പ്രൊസീജ്യറുകളും തികഞ്ഞ റിയലിസത്തോടെ സ്ക്രീനിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അഭിനേതാക്കളുടെ പ്രകടനം
മുൻപ് കണ്ട യൂത്ത് വേഷങ്ങളിൽ നിന്ന് മാറി തികച്ചും ഗൗരവമേറിയതും ആഴത്തിലുള്ളതുമായ കഥാപാത്രത്തെയാണ് മാത്യു തോമസ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈകാരിക നിമിഷങ്ങളിലും സസ്പെൻസ് നിലനിർത്തുന്നതിലും മാത്യു പുലർത്തിയ പക്വത ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് പാർവതി തിരുവോത്തിന്റെ പ്രകടനമാണ്. കഥാപാത്രത്തിന്റെ ഗൗരവവും അളന്നുമുറിച്ചുള്ള സംഭാഷണങ്ങളും സിനിമയുടെ ഇൻവെസ്റ്റിഗേഷൻ അന്തരീക്ഷത്തിന് വലിയൊരു ആഴം നൽകുന്നു. ഒപ്പം അണിനിരന്ന മറ്റ് അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥരുടെ വേഷങ്ങൾ തികച്ചും സ്വാഭാവികമായി കൈകാര്യം ചെയ്തു.
നാടകീയതയില്ലാത്ത മേക്കിംഗും, സസ്പെൻസ് നിലനിർത്തുന്ന പശ്ചാത്തല സംഗീതവും ദൃശ്യാവിഷ്കാരവും സിനിമയുടെ ഒഴുക്കിനെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ചൊരു അനുഭവമായിരിക്കും ‘പ്രഥമ ദൃഷ്ടിയാ കുറ്റക്കാർ’.
തയ്യാറാക്കിയത് രഞ്ജിത്ത് എം നിലമ്പൂർ