കൊച്ചി. സോഷ്യല്‍ മീഡിയയിലെ ‘ക്വീൻ ഫിഷര്‍’ തംബുരു കെ.കെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 13-കാരിയായ മകള്‍ സ്കൂള്‍ വിട്ടെത്തിയപ്പോള്‍ കണ്ടത് ജീവനൊടുക്കിയ നിലയിലുള്ള അവളുടെ അമ്മയെയാണ്. പാലക്കാട് സ്വദേശിയായ സുഹൃത്തിനെതിരെ ആണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മത്സ്യത്തൊഴിലാളിയും ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയില്‍ കണ്ടെത്തി.
വൈക്കം പുളിഞ്ചുവടിലെ വാടക വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വൈകീട്ട് അഞ്ച് മണിയോടെ സ്കൂള്‍ വിട്ടെത്തിയ 13 വയസുള്ള മകളാണ് തംബുരുവിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു തനിക്കെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായാണ് സ്വന്തം ഉപജീവനമാർഗമായ പരമ്പരാഗത തൊഴില്‍ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തീരുമാനിച്ചത്.
‘ക്വീൻ ഫിഷർ’ എന്ന പേരില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ മീൻപിടിത്ത വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. പിന്നാലെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകരുമുണ്ടായി.
തംബുരുവിന്റെ മരണത്തിന് കാരണം ഓണ്‍ലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും നേരത്തെ ആരോപിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ഇയാള്‍ തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും വിഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
മാനസിക പീഡനം മൂലം തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല