തിരുവനന്തപുരം, 17 ഒക്ടോബർ 2026:* രാജ്യത്തെ സംസ്ഥാന പോലീസ് ഹെഡ്ക്വാർട്ടേഴ്സുകളിൽ ആദ്യമായി, കേരള പോലീസ് ഹെഡ്ക്വാർട്ടേഴ്സുകളിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവൻരക്ഷാ പ്രാഥമിക ശുശ്രൂഷയിൽ സിപിആർ പരിശീലനം നൽകി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും. ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ ‘മിഷൻ 100കെ’ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയ ഹെഡ്ക്വാർട്ടേഴ്സുകളിലെ ജീവനക്കാർ “കേരള ഫസ്റ്റ് റെസ്പോണ്ടർ” പദവിക്ക് അർഹരായി.
ഹൃദയസ്തംഭനം സംഭവിച്ചാൽ ആംബുലൻസ് എത്തുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകളിൽ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. അപകടസ്ഥലങ്ങളിലും ജനക്കൂട്ടത്തിലും ആദ്യം എത്തുന്നവരിൽ പോലീസ് ഉദ്യോഗസ്ഥരുണ്ടാകുമെന്നതിനാൽ, അവരുടെ പരിശീലനം സംസ്ഥാനത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിന് വലിയ കരുത്താകും.
വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ പേട്രൺ അംബാസഡർ ടി.പി. ശ്രീനിവാസൻ ഐഎഫ്എസ്, ആസ്റ്റർ മെഡ്സിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോൺസൺ കെ. വർഗീസ് എന്നിവർ ഒപ്പിട്ട അനുമോദന സർട്ടിഫിക്കറ്റ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐജി ഹര്ഷിത അട്ടല്ലൂരി ഐപിഎസിന് സമ്മാനിച്ചു. പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഐജി (പേഴ്സണൽ) ജി. പൂങ്കുഴലി ഐപിഎസ്, ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് കാദർ, വിസ്ഡം4ഫ്യൂച്ചർ ഫൗണ്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് വന്ന പ്രതികരണങ്ങളും ഈ സ്കിൽ പഠിക്കാൻ എയർഫോഴ്സ്, നേവി മറ്റു വകുപ്പുകൾ ഉൾപ്പെടെ കാണിക്കുന്ന താല്പര്യത്തിലും വളരെ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ പറഞ്ഞു.
ജീവൻരക്ഷാ പരിശീലനത്തിൽ കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. പരിശീലനം ലഭിച്ച ഒരാൾക്ക് ഒരു ജീവൻ രക്ഷിക്കാനാകും. ഈ മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാകുമെന്ന് പദ്ധതിയെക്കുറിച്ച് വിസ്ഡം4ഫ്യൂച്ചർ ഫൗണ്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു പറഞ്ഞു.
‘മിഷൻ 100കെ’ കേരളയുടെ അടുത്ത ഘട്ടത്തിൽ ജില്ലാ പോലീസ് യൂണിറ്റുകൾ, മറ്റ് വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കും.