പാലക്കാട്: മിഷൻ സ്കൂൾ ജങ്ഷന് സമീപം പൊതുമരാമത്ത് റോഡിലെ അഴുക്കുചാൽ സ്ലാബ് തകർന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന അധികൃതരുടെ നടപടി ഗുരുതരമായ അനാസ്ഥയാണെന്ന് എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം ട്രഷറർ ഹബീബ് കൽമണ്ഡപം കുറ്റപ്പെടുത്തി.
പാലക്കാട് നഗരത്തിലെ പ്രധാന ഗതാഗതമേഖലയായ മിഷൻ സ്കൂൾ ജങ്ഷനിലെ റോഡിന്റെ വളവിനോട് ചേർന്നാണ് അഴുക്കുചാൽ സ്ലാബ് തകർന്നുകിടക്കുന്നത്. സ്റ്റേഡിയം ഭാഗത്തുനിന്ന് ടൗൺ ബസ് സ്റ്റാൻഡിലേക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഏതു നിമിഷവും അപകടത്തിൽപ്പെടാവുന്ന സാഹചര്യമാണുള്ളത്.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുന്നില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. നഗരത്തിലെ പ്രധാന റോഡിൽ ഒരാഴ്ചയായി അപകടാവസ്ഥ നിലനിൽക്കുമ്പോഴും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് നഗരസഭയുടെ ഭരണപരമായ വീഴ്ചയാണ് തുറന്നുകാട്ടുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണം നടത്തുമ്പോൾ റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ട്.
അപകടം സംഭവിച്ചാൽ മാത്രം ഉണരുന്ന ഭരണസമീപനം ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ്. തകർന്ന സ്ലാബ് മൂലം അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. നഗരസഭയും പൊതുമരാമത്ത് വകുപ്പും പരസ്പരം ഉത്തരവാദിത്വം കൈമാറാതെ അടിയന്തരമായി ഇടപെട്ട് തകർന്ന സ്ലാബ് പുനർനിർമിക്കണം. അപകടസാധ്യത ഒഴിവാക്കി ഗതാഗതവും കാൽനടയാത്രയും സുരക്ഷിതമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ഹബീബ് കൽമണ്ഡപം ആവശ്യപ്പെട്ടു.
എ. കാജാഹുസൈൻ
മണ്ഡലം മീഡിയ കോഡിനേറ്റർ
+91 88489 16480