16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ബികെ 55 കേരളയ്ക്കെതിരെ 340 റൺസിൻ്റെ മികച്ച സ്കോറുയർത്തി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്. മറ്റൊരു മത്സരത്തിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. കോട്ടയം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 267 റൺസെടുത്തു.
ആർ. അശ്വിന്റെയും എഡ്വിൻ എൽദോസിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ബി.കെ. 55 കേരളയ്ക്കെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച സ്കോർ സമ്മാനിച്ചത്. അശ്വിൻ 105 റൺസും എഡ്വിൻ 104 റൺസും എടുത്തു. 52 റൺസെടുത്ത സായ് ഗോവിന്ദും മികച്ച പ്രകടനം കാഴ്ചവച്ചു. തൃപ്പൂണിത്തുറയുടെ ഇന്നിങ്സ് 340 റൺസിൽ അവസാനിച്ചു. ബി.കെ. 55 കേരളയ്ക്ക് വേണ്ടി എ.എം. ഭഗത് മൂന്നും സെഹാൻ മുഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂൾ 72 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആനന്ദ് സായുടെ പ്രകടനമാണ് എസ്.ജി. ക്രിക്കറ്റ് സ്കൂളിന്റെ ബാറ്റിങ് നിരയെ തകർത്തത്. മുഹമ്മദ് റെഹാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നാല് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെന്ന നിലയിലാണ്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആരോൺ അലക്സ് 125 റൺസും ബി. ദേവർഷ് 66 റൺസും അഭിറാം ജി.ബി. 65 റൺസും എടുത്തു. എസ്.ജി. ക്രിക്കറ്റ് സ്കൂളിന് വേണ്ടി എസ്. വൈഷ്ണവും തേജസ് എം. ജിജുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു മത്സരത്തിൽ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 267 റൺസിന് പുറത്തായി. 115 റൺസെടുത്ത ക്യാപ്റ്റൻ ശ്രീഹരി പ്രസാദാണ് ആത്രേയയ്ക്ക് വേണ്ടി തിളങ്ങിയത്. മുഹമ്മദ് ഫാറൂഖ് 35 റൺസെടുത്തു. വിന്റേജിന് വേണ്ടി കാർത്തി മജു മൂന്നും ആർ. ധക്ഷ്, അഫ്രാസ് സൂയിസ്, വസിഷ്ഠ് അരുൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.