anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംരംഭക കൂട്ടായ്മയ്ക്ക് ക്രിക്കറ്റ് ആവേശം; 16 ടീമുകളുമായി ഇ.സി.എൽ 3.0-ന് കൊച്ചിയിൽ ഗംഭീര തുടക്കം

കൊച്ചി: സംരംഭകരുടെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മാനം നൽകി എന്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗിന്റെ (ഇ.സി.എൽ) മൂന്നാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. ഇ.സി.എൽ 3.0-ന്റെ ഔദ്യോഗിക ലോഞ്ചും താരലേലവും കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. പ്രമുഖ സംരംഭകരും ഫ്രാഞ്ചൈസി ഉടമകളും ക്രിക്കറ്റ് താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ പുതിയ സീസണിലേക്കുള്ള ടീമുകളുടെ രൂപീകരണവും താരങ്ങളെ സ്വന്തമാക്കാനുള്ള ആവേശകരമായ ലേലവും ശ്രദ്ധേയമായി.

കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിക്കുന്ന ടീമുകൾക്കൊപ്പം പ്രമുഖരും താരങ്ങളും അണിനിരക്കുന്ന രണ്ട് പ്രത്യേക ടീമുകളുമടക്കം ആകെ 16 ടീമുകളാണ് മൂന്നാം പതിപ്പിൽ മാറ്റുരയ്ക്കുന്നത്. തിരുവനന്തപുരം പവർ ഹിറ്റേഴ്സ്, മെറിഡിയൻ കൊല്ലം ഡോമിനേറ്റേഴ്സ്, പത്തനംതിട്ട റോയൽ വാരിയേഴ്സ്, വെൽമാക്സ് ഫിസിയോ ഫാൽക്കൺ ആലപ്പി, കോട്ടയം സ്റ്റാലിയൻസ്, ഇടുക്കി സൂപ്പർ കിങ്സ്, കൊച്ചി ജൂപ്പിറ്റർ കിടിലൻസ്, ഹിഡുംബവനം തൃശൂർ, ഗാജെറ്റ് വാരിയേഴ്സ് പാലക്കാട്, ത്രിച്ച് മലപ്പുറം ഹീറോസ്, ഡി 14 സൂപ്പർ കിങ്സ് കാലിക്കറ്റ്, ലെജൻഡ്സ് വയനാട്, ഹിമാലയൻ കണ്ണൂർ ഹറികെയ്ൻസ്, കാസർഗോഡ് ടൈറ്റൻസ് എന്നീ ടീമുകൾക്കൊപ്പം സെലിബ്രിറ്റി ബ്ലാസ്റ്റേഴ്സ്, സൂപ്പർ ഹീറോസ് എന്നീ ടീമുകളും ലീഗിന്റെ ഭാഗമാകും.

താരലേലത്തിൽ ഷംറുദ് എം ആണ് ഏറ്റവും ഉയർന്ന തുകയ്ക്ക് സ്വന്തമാക്കപ്പെട്ട താരം. 2,20,000 പോയിന്റ് നൽകി ഡി 14 സൂപ്പർ കിങ്സ് കാലിക്കറ്റ് ഷംറുദിനെ സ്വന്തമാക്കി. മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ വിവിധ ഫ്രാഞ്ചൈസികൾ നടത്തിയ വാശിയേറിയ ലേലവും തന്ത്രപരമായ ലേലവിളികളും ചടങ്ങിന് ആവേശം പകർന്നു.

ക്രിക്കറ്റിനെ കേവലം ഒരു കായികമത്സരത്തിനപ്പുറം സംരംഭകരെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയുടെ വേദിയാക്കി മാറ്റുകയാണ് ഇ.സി.എല്ലിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. സംരംഭകർക്കിടയിൽ സൗഹൃദങ്ങളും ബിസിനസ് ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഒരു സംരംഭക ഹബ് രൂപപ്പെടുത്താനാണ് ലീഗ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് ആരംഭിച്ച ഈ സംരംഭക ക്രിക്കറ്റ് കൂട്ടായ്മ ദക്ഷിണേന്ത്യയിലുടനീളം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

ഇ.സി.എല്ലിന്റെ സ്ഥാപകരായ അൻസാരി, ആര്യ ലക്ഷ്മി, ജിഗ്സൺ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഓരോ സീസണിലൂടെയും കൂടുതൽ സംരംഭകരെ ഒരുമിപ്പിച്ച് കായികരംഗത്തും ബിസിനസ് മേഖലയിലും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുകയാണ് ലീഗിന്റെ ലക്ഷ്യം.

 

Spread the News

Leave a Comment

IMG 20260806 WA0051