പാലക്കാട്: യുവജനങ്ങളെ ജനാധിപത്യ പ്രക്രിയയുടെയും സാമൂഹിക ഇടപെടലുകളുടെയും സജീവ പങ്കാളികളാക്കുക, യുവാക്കളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ശബ്ദമുയർത്തുക, പൊതുസമൂഹത്തിലെ വിവിധ പ്രശ്നങ്ങളിൽ യുവജനങ്ങളുടെ നേതൃത്വപരമായ ഇടപെടൽ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായി യങ് ഡെമോക്രാറ്റ്സ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് നടന്ന ചടങ്ങിൽ ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളെ കേവലം കാഴ്ചക്കാരായി മാറ്റിനിർത്താതെ ജനാധിപത്യത്തിന്റെ ഭാഗമാക്കി മാറ്റുക, അവരുടെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും പൊതുവേദികളിൽ ഇടം നൽകുക, വിദ്യാർഥികൾ, തൊഴിൽരഹിതർ, യുവ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ള യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുക എന്നിവയാണ് മെമ്പർഷിപ്പ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക നീതി, മനുഷ്യാവകാശം, ലഹരിവിരുദ്ധ പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, പൊതുസേവനം തുടങ്ങിയ മേഖലകളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ, സാമൂഹിക വിവേചനങ്ങൾ, അവസരനിഷേധം തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനും യുവജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും യങ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടകർ വ്യക്തമാക്കി. പുതിയ തലമുറയിലെ യുവാക്കളെ പൊതുപ്രവർത്തന രംഗത്തേക്ക് കൊണ്ടുവരുന്നതിനും അവരുടെ നേതൃത്വശേഷിയും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്തുന്നതിനും അംഗത്വ കാമ്പയിൻ പ്രയോജനപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ ജോയിന്റ് കൺവീനർ നസീഹ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ഷാഫി അത്തിക്കോട് പ്രോഗ്രാം കമ്മിറ്റി കൺവീനർ സ്വാഗതം പറഞ്ഞു. എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ഉമ്മർ അത്തിമണി അഭിവാദ്യങ്ങൾ അർപ്പിച്ചു. യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കൺവീനർ ഷമീർ പുതുനഗരം ആശംസാപ്രസംഗം നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യങ് ഡെമോക്രാറ്റ്സ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലുടനീളം മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് കൂടുതൽ യുവാക്കളെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തിക്കുകയാണ് ജില്ലാ കമ്മിറ്റിയുടെ ലക്ഷ്യം.
മീഡിയ ഇൻചാർജ്:
സൽമാൻ
9605802414