anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സയ്യിദ് മുഷ്താഖ് അലി സൂപ്പർ ലീ​ഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം, കേരളം നാളെ വി‍ദർഭയ്ക്കെതിരെ

നാഗ്‌പൂർ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന്റെ സൂപ്പർ ലീ​ഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ മത്സരത്തിൽ കേരളം നാളെ വിദർഭയെ നേരിടും. നാഗ്പൂരിൽ രാവിലെ 11 മണിക്കാണ് മത്സരം. പ്രാഥമിക റൗണ്ടിലെ തകർപ്പൻ പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കിറങ്ങുന്നത്.

നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന്റെ സൂപ്പർ ലീഗിൽ കടക്കുന്നത്. സി ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ മുന്നേറ്റം. മികച്ച ഫോമിലുള്ള ബാറ്റിങ് നിരയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ആന്ധ്രപ്രദേശിനേക്കാൾ മികച്ച റൺറേറ്റായിരുന്നു കേരളത്തിൻ്റേത്.

അവസാന മൂന്ന് മത്സരങ്ങളിലും ടീമിന് തകർപ്പൻ തുടക്കം നൽകിയ ഓപ്പണർമാരുടെ പ്രകടനമാണ് കേരളത്തിന് സൂപ്പർ ലീഗിലേക്ക് വഴിതുറക്കുന്നതിൽ നിർണായകമായത്. പോണ്ടിച്ചേരിക്കും അസമിനുമെതിരെ ഓപ്പണിങ് വിക്കറ്റിൽ നൂറിലേറെ റൺസ് കൂട്ടിച്ചേർത്ത മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ചേ‍ർന്ന് ഹിമാചലിനെതിരെ 5.2 ഓവറിൽ 82 റൺസും അടിച്ചെടുത്തു. അസമിനെതിരെ 93-ഉം ഹിമാചലിനെതിരെ 101-ഉം റൺസെടുത്ത മുഹമ്മദ് അസറുദ്ദീൻ തന്നെയാണ് ബാറ്റിങ് നിരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മധ്യനിരയിൽ സഞ്ജു സാംസൺ, സൽമാൻ നിസാർ, വിഷ്ണു വിനോദ്, അബ്ദുൾ ബാസിദ് തുടങ്ങി ബി​ഗ് ഹിറ്റ‍ർമാരുടെ നീണ്ട നിരതന്നെ കേരളത്തിനുണ്ട്. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനും ആവശ്യമുള്ള ഘട്ടങ്ങളിൽ ഇന്നിങ്സ് വേ​ഗത്തിലാക്കാനും സാധിക്കുന്ന ബാറ്റർമാരുടെ സാന്നിധ്യം സൂപ്പർ ലീഗിലെ കരുത്തരായ എതിരാളികൾക്കെതിരെ കേരളത്തിന് മുതൽക്കൂട്ടാകും.

ബാറ്റിങ്ങിനൊപ്പം തന്നെ സ്ഥിരതയാർന്ന ബൗളിങ് പ്രകടനമാണ് ടൂ‍ർണ്ണമെൻ്റിലുടനീളം ഇത്തവണ കേരളം പുറത്തെടുത്തത്. പ്രാഥമിക റൗണ്ടിൽ 15 വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ് പട്ടികയിൽ ഒന്നാമതുള്ള മൂന്ന് താരങ്ങളിലൊരാൾ കേരളത്തിൻ്റെ എം.ഡി. നിധീഷാണ്. രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റ് വീതം വീഴ്ത്തിയ നിധീഷിന്റെ പ്രകടനം ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി എതിരാളികളെ സമ്മർദ്ദത്തിലാക്കാനും അവസാന ഓവറുകളിൽ റൺസ് നിയന്ത്രിക്കാനും കേരള ബൗളർമാർക്ക് സാധിക്കുന്നുണ്ട്.

സൂപ്പർ ലീഗിൽ ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ വീതമാണുള്ളത്. വിദർഭ, ബറോഡ, ഡൽഹി എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഇതിൽ ഡൽഹിയും ബറോഡയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളായ പ്രിയാൻഷ് ആര്യയും യഷ് ദുള്ളും അടങ്ങുന്ന ശക്തമായ നിരയാണ് ഡൽഹിയുടേത്. സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടുക. ഡിസംബർ ആറിനാണ് കലാശപ്പോരാട്ടം.

Spread the News

Leave a Comment

IMG 20260806 WA0051