\u0D2E\u0D30\u0D41\u0D28\u0D4D\u0D28\u0D41\u0D15\u0D7E \u0D36\u0D30\u0D40\u0D30\u0D2D\u0D3E\u0D30\u0D02 \u0D15\u0D42\u0D1F\u0D4D\u0D1F\u0D41\u0D2E\u0D4B?

  1. Home
  2. BEAUTY TIPS

മരുന്നുകൾ ശരീരഭാരം കൂട്ടുമോ?

മരുന്നുകൾ ശരീരഭാരം കൂട്ടുമോ?


നിങ്ങൾ ദിവസവും വ്യായാമം ചെയ്യുകയും ഭക്ഷണത്തിൽ കർശനമായ ചിട്ടകൾ പിന്തുടരുകയും ചെയ്യുന്ന ആളായിരിക്കാം. എന്നാൽ, നിങ്ങളുടെ ശരീരഭാരം കൂടുകയല്ലാതെ കുറയുന്നില്ല. എന്തായിരിക്കും ഇതിനു കാരണം? ഉത്തരം നിങ്ങളുടെ മരുന്ന് പെട്ടിക്ക് ഉള്ളിൽ തന്നെ ഉണ്ടായിരിക്കും!

മരുന്നുകൾ ഉപയോഗിക്കുന്നത് ഭാരം കൂടാൻ കാരണമായേക്കും. മരുന്ന് ഉപയോഗിക്കുന്നതുമൂലം വിശപ്പ് വർദ്ധിക്കാം അല്ലെങ്കിൽ കാലറികൾ കത്തിച്ചു കളയുന്നതിനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ശരീരത്തിൽ അധികം ജലാംശം നിലനിർത്തുകയും ചെയ്യാം. ചില അവസരങ്ങളിൽ ഇതു രണ്ടും സംഭവിക്കാം.

എല്ലാവരിലും മരുന്നുകളുടെ സ്വാധീനം ഒരുപോലെ ആയിരിക്കണമെന്നില്ല. മരുന്ന് ഉപയോഗം മൂലം ഒരാൾക്ക് 3-4 കിലോ ഭാരം കൂടാം. എന്നാൽ, അതേ മരുന്ന് ഉപയോഗിക്കുന്നതു മൂലം മറ്റൊരാൾക്ക് ഭാരം വർദ്ധിക്കണമെന്നില്ല.

നിങ്ങളുടെ ഭാരം കൂട്ടുന്ന ചില മരുന്നുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്;

▪️ആന്റിഡിപ്രസന്റുകൾ:

സാധാരണയായി നിർദേശിക്കപ്പെടുന്ന ആന്റിഡിപ്രസന്റുകളാണ് എസ്എസ്ആർഐകൾ എന്ന് വിളിക്കുന്ന സെലക്ടീവ് സെറോട്ടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്റേഴ്സ്. മനോനിലയെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് സെറോട്ടോണിൻ. വിഷാദരോഗമുള്ളവരിൽ ഇതിന്റെ നില കുറവായിരിക്കും. വിശപ്പിനെ നിയന്ത്രിക്കുന്നതിനും സെറോട്ടോണിൻ സഹായിക്കുന്നു. അതായത്, എസ്എസ്ആർഐകൾ ഭാരം കുറയാൻ സഹായകമാണ്. എന്നിരുന്നാലും, വിശപ്പിനെ നിയന്ത്രിക്കുന്ന മറ്റ് ഹോർമോണുകളും സെറോട്ടോണിനും തമ്മിലുള്ള സങ്കീർണമായ പ്രതിപ്രവർത്തനങ്ങൾ മൂലം എസ്എസ്ആർഐകൾ നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുകയും അതുവഴി ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.

▪️ബീറ്റാ ബ്ളോക്കറുകൾ:

ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഉയർന്ന രക്തസമ്മർദത്തിനുള്ള ചികിത്സയ്ക്കുമാണ് ബീറ്റ ബ്ളോക്കറുകൾ ഉപയോഗിക്കുന്നത്. അറ്റെനൊലോൾ, പ്രൊപനൊലോൾ, മെറ്റൊപ്രൊലോൾ തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന ബീറ്റ ബ്ളോക്കറുകൾ. ഇവ നിങ്ങളുടെ മെറ്റാബോളിസത്തെ സാവധാനത്തിലാക്കുകയും വ്യായാമത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ കുറയ്ക്കുകയും ചെയ്യും. അതിനാൽ, വ്യായാമം ചെയ്യുന്നതിന് ആനുപാതികമായി കാലറികൾ കത്തുകയില്ല. കൂടുതലായി, ബീറ്റാ ബ്ളോക്കറുകൾ തളർച്ച ഉണ്ടാക്കുകയും ക്രമേണ ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും കാലറികളുടെ ഉപഭോഗം കുറയുകയും ചെയ്യും.

▪️കോർട്ടിക്കോസ്റ്റിറോയിഡുകൾ:

പ്രിഡ്നിസൊളോൺ, പ്രിഡ്നിസോൺ അല്ലെങ്കിൽ മീഥൈല്പ്രിഡ്നിസൊളോൺ തുടങ്ങിയ കോർട്ടിക്കോസ്റ്റിറോയിഡുകൾക്ക് ശക്തമായ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവമുണ്ട്. ആസ്ത്മ, ചർമ്മത്തിലെ അലർജികൾ, ആർത്രൈറ്റിസ്, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ (പ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) തുടങ്ങിയവയ്ക്കാണ് സാധാരണ ഇവ ഉപയോഗിക്കുന്നത്. ശരീരത്തിൽ ജലാംശം കെട്ടിക്കിടക്കുന്നതിനും വിശപ്പ് വർദ്ധിപ്പിക്കുന്നതിനും കോർട്ടിക്കോസ്റ്റിറോയിഡുകൾ കാരണമാകുന്നു. ഇത്തരം മരുന്നുകൾ കഴിക്കുന്നതു മൂലം അധികമായി ഉണ്ടാകുന്ന കൊഴുപ്പ് അരക്കെട്ടിൽ അടിഞ്ഞുകൂടുമെന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്.

▪️ആന്റി-അലർജി മരുന്നുകൾ:

സിട്രിസിൻ, ഡൈഫൻഹൈഡ്രാമിൻ, ഫെക്സൊഫെൻഡിൻ, ലൊററ്റഡിൻ തുടങ്ങി അലർജികൾ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഹിസ്റ്റമിൻ ഹോർമോണിന്റെ പ്രവർത്തനത്തെ തടയുന്നു. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാൻ ഹിസ്റ്റമിനു കഴിയും. അത് തലച്ചോറിലെ ഒരു പ്രത്യേക റെസപ്റ്ററുമായി (ബോധേന്ദ്രിയം) ചേർന്നു പ്രവർത്തിക്കുമ്പോൾ വിശപ്പിനെ അടക്കാൻ സാധിക്കുന്നു. ഹിസ്റ്റമിന്റെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ വിശപ്പ് അധികമാവുകയും ഭാരം വർദ്ധിക്കുകയും ചെയ്യും.

▪️പ്രമേഹ മരുന്നുകൾ:

സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികൾക്കായി നിർദേശിക്കുന്ന ഇൻസുലിൻ ഒരു അനബോളിക് (ആഹാരസാധനങ്ങൾ ധാതുക്കളാക്കി മാംസമായും ഓജസ്സായും പരിണമിക്കാൻ സഹായിക്കുന്ന) ഹോർമോൺ ആണ്. കൊഴുപ്പ്, ഗ്ളൂക്കോസ്, പ്രോട്ടീൻ എന്നിവ സംഭരിക്കപ്പെടാൻ ഇത് കാരണമാകുന്നു. അതിനാൽ, ഇത് ഭാരം വർദ്ധിക്കാൻ കാരണമാകുന്നു. സൾഫണൽ യൂറിയാസ്, പയോഗ്ളിറ്റസോൺ തുടങ്ങിയ ടൈപ്പ് 2 പ്രമേഹത്തിന് നൽകുന്ന ഓറൽ മരുന്നുകൾ പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനൊപ്പം ഭാരം വർദ്ധിക്കുന്നതിനും കാരണമാവുന്നു. പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ളൈസിമിയയെ നേരിടാൻ അമിതമായി ഭക്ഷണം കഴിക്കേണ്ടിവരുന്നതും കാലറി അധികമാകാൻ കാരണമാകുന്നു.

▪️മൂഡ് സ്റ്റെബിലൈസറുകൾ:

സ്കീസോഫ്രീനിയ, ഉന്മാദ വിഷാദരോഗം (ബൈപോളാർ ഡിസീസ്) തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളാണ് ലിഥിയം, റിസ്പെരിഡോൺ, ഒലാൻസപീൻ എന്നിവ. ഇവ വിശപ്പ് ഗണ്യമായി വർദ്ധിപ്പിക്കുകയും ഭാരം കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും.

ശരീരഭാരം വർദ്ധിക്കുന്നത് പല മരുന്നുകളുടെയും പാർശ്വഫലമാണ്. എന്നുകരുതി ചികിത്സ അവസാനിപ്പിക്കാൻ കഴിയില്ല. ഭാരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ശാരീരികമായി ഊർജ്ജസ്വലത പുലർത്തുകയും കർശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുകയാണ് നിങ്ങൾക്ക് പിന്തുടരാവുന്ന ഏറ്റവും നല്ല മാർഗം. ഡോക്ടറുമായി ചർച്ച ചെയ്ത് ശരീരഭാരത്തെ കൂടുതലായി ബാധിക്കാത്ത തരം മരുന്നുകൾ കഴിക്കുകയാണ് കൂടുതലായി ചെയ്യാൻ കഴിയുന്നത്.