കടുവയുടെ ഒ.ടി.ടി റിലീസ് തടയണം: പുതിയ പരാതിയുമായി കുറുവച്ചൻ

  1. Home
  2. CINEMA

കടുവയുടെ ഒ.ടി.ടി റിലീസ് തടയണം: പുതിയ പരാതിയുമായി കുറുവച്ചൻ

Kaduva


കൊച്ചി: ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ട് ചിത്രം കടുവ തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. അതെസമയം ചിത്രത്തിനെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചന്‍ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ ആരോപിച്ചിരുന്നു. ഒടുവില്‍ സെന്‍സര്‍ ബോഡിന്റെ നിര്‍ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്ന പേര് കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്.
സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന്‍ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് കുറുവച്ചന്‍ പറയുന്നത്. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കുറുവച്ചന്‍ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകള്‍ ശേഖരിക്കാനാണെന്നും കുറുവച്ചനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിയമം അനുസരിച്ച്‌ ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് കുറുവച്ചന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറുവച്ചന്റെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായിരിക്കുകയാണ്.