ഡാന്റെ കഫേ" യ്ക്ക് ഗോൾഡൻ സ്ക്രീൻ "ദി ഫാമിലി ഫോട്ടോ" യ്ക്ക് സിൽവർ സ്ക്രീൻ .

  1. Home
  2. CINEMA

ഡാന്റെ കഫേ" യ്ക്ക് ഗോൾഡൻ സ്ക്രീൻ "ദി ഫാമിലി ഫോട്ടോ" യ്ക്ക് സിൽവർ സ്ക്രീൻ .

ഡാന്റെ കഫേ" യ്ക്ക് ഗോൾഡൻ സ്ക്രീൻ  "ദി ഫാമിലി ഫോട്ടോ"  യ്ക്ക് സിൽവർ സ്ക്രീൻ .


റൊമാനിയൻ സംവിധായകൻ ദുമിത്രൂ ഗ്രോസി സംവിധാനം ചെയ്ത "ഡാന്റെ കഫേ" ഇൻസൈറ്റ്  ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിമൂന്നാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിൽ അഞ്ചു മിനുട്ടിൽ താഴെയുള്ള ഹാഫ് വിഭാഗത്തിൽ ഗോൾഡൻ സ്ക്രീൻ പുരസ്കാരത്തിന് അർഹമായി. അൻപതിനായിരം രൂപയും ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ പുരസ്കാരം. 
സ്വരൂപ് ഇളമൺ സംവിധാനം ചെയ്ത കനേഡിയൻ ചിത്രം "മൈൻഡ്സ്ലിപ്" ഒലക്സാണ്ടർ ഹൊയ്സൻ സംവിധാനം ചെയ്ത ഉക്രൈൻ ചിത്രം "ദി ട്രൂത്"   ദുമിത്രൂ ഗ്രോസി സംവിധാനം ചെയ്ത റൊമാനിയൻ ചിത്രം " ലെറ്റർ ഫ്രം ദി ഈസ്റ്റേൺ ഫ്രന്റ്" , അഖിൽഘോഷ് സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം "ജോസു " എന്നീ ചിത്രങ്ങൾക്കാണ്  അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകൾ ലഭിച്ചത്.

ഇന്ത്യൻ സംവിധായൻ രാഹുൽ രവി സംവിധാനം ചെയ്ത " ദി ഫാമിലി ഫോട്ടോ " മൈന്യൂട് വിഭാഗത്തിൽ പതിനായിരം രൂപയും, ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന സിൽവർ സ്ക്രീൻ പുരസ്കാരം നേടി.
ഇതേ വിഭാഗത്തിൽ ഇറാനിയൻ സംവിധായകൻ സെയ്ദ് ജവാദ് ഹോസീനി സംവിധാനം ചെയ്ത " ഹഷൂർ ", ഇന്ത്യൻ സംവിധായകൻ രവിശങ്കർ സംവിധാനം ചെയ്ത "ഡെയിലി സിനിമ " എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിനു വിധേയരാകുകയും ചെയ്തു.
പാലക്കാട് ലയൺസ് സ്കൂളിലെ ജൂബിലി ഹാളിൽ രാവിലെ  ഒൻപതു മണിമുതൽ നടന്ന മേളയിൽ മത്സര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 41 ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ 3 ഇൻസൈറ്റ് ചിത്രങ്ങളും പന്ത്രണ്ടു ഹൈക്കു ചിത്രങ്ങളും പ്രദർശിപ്പിച്ചു.

പതിവുപോലെ ഓരോ ചിത്രത്തിന്റേയും  പ്രദർശനത്തിനു  ശേഷം നടന്ന ഓപ്പൺ ഫോറം ചർച്ചയിലെ പ്രേക്ഷകപങ്കാളിത്തം ഈ മേളയെ കാണികൾക്കും ചലച്ചിത്രകാരന്മാർക്കും ഒരു  പരിശീലന ക്കളരിയാക്കി  മാറ്റാൻ സഹായകമായി. 

വൈകിട്ട് ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനയോഗം. 

ജൂറി ചെയർമാൻ ചലച്ചിത്ര നിരൂപകൻ  ഡോ. സി. എസ് . വെങ്കിടേശ്വരൻ, ജൂറി അംഗങ്ങളായ ചലച്ചിത്രസംവിധായകൻ ഡോൺ പാലത്തറ, എഡിറ്ററും ഡോക്യുമെന്ററി സംവിധായികയുമായ ഫറ ഖാത്തൂൻ എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു.
ഇക്കൊല്ലത്തെ ചലച്ചിത്ര അവാർഡ് ജേതാവായ ചലച്ചിത്ര നിരൂപകൻ  ഡോ. സി. എസ് . വെങ്കിടേശ്വരനെ ചടങ്ങിൽ ആദരിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് വിമൽ വേണു, വേൾഡ് ഡിസൈൻ കൌൺസിൽ കൺട്രി ഹെഡ് ഫിലിപ്പ് തോമസ്, ചലച്ചിത്രസംവിധായകൻ ഫാറൂഖ് അബ്ദുൽ റഹിമാൻഎന്നിവർ സംസാരിച്ചു.

ഒരേസമയം ഓൺ ലൈൻ ആയി ലോകം മുഴുവനും മേള കാണിക്കാനുള്ള സൗകര്യം ഇൻസൈറ്റ് ഒരുക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇൻഡ്യക്കത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി ചലച്ചിത്ര പ്രതിഭകൾ നേരിട്ടും ഓൺ ലൈൻ ആയും ഓപ്പൺ ഫോറം ചർച്ചയിൽ പങ്കെടുത്തു. 

ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് ഫെസ്റ്റിവൽ അവലോകനം നടത്തി. സെക്രട്ടറി മേതിൽ കോമളൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ മാധവദേവ് സ്വാഗതവും വൈസ് പ്രസിഡന്റ് സി. കെ. രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി,