മധു അമ്പാട്ടിന് ഇൻസൈറ്റ് അവാർഡ് ഇന്നു സമ്മാനിക്കുന്നു.

  1. Home
  2. CINEMA

മധു അമ്പാട്ടിന് ഇൻസൈറ്റ് അവാർഡ് ഇന്നു സമ്മാനിക്കുന്നു.

മധു അമ്പാട്ടിന്  ഇൻസൈറ്റ് അവാർഡ് ഇന്നു സമ്മാനിക്കുന്നു.


പാലക്കാട്‌. കെ. ആർ. മോഹനൻ മെമ്മോറിയൽ അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയുടെ സമാപന സമ്മേളനവേദിയായ പാലക്കാട് ലയൺസ് സ്കൂളിൽ ഇന്നു വൈകുന്നേരം   നാലുമണിക്ക് ഇന്ത്യൻ ചലച്ചിത്രഛായാഗ്രഹണരംഗത്തെ അദ്വിതീയ പ്രതിഭ  മധു അമ്പാട്ടിനെ ആദരിക്കുന്നതും   നല്ല സിനിമയ്ക്കു നൽകിയ അതുല്യ സംഭാവനകൾക്കും ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള എട്ടാമത്തെ ഇൻസൈറ്റ് അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കുന്നതുമാണ്.
ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇൻസൈറ്റ് അവാർഡ് ജൂറി അംഗങ്ങളായ  എം. പി. സുകുമാരൻ നായർ, ഡോക്ടർ സി. എസ് . വെങ്കടേശ്വരൻ എന്നിവർ സംബന്ധിക്കും. 
രാവിലെ ഒൻപതു മണി മുതൽ ആരംഭിക്കുന്ന മേളയിൽ ഇരുപത്തി മൂന്ന് ഡോക്യൂമെന്ററികൾ പ്രദർശിപ്പിക്കും. തുടർന്നു നടക്കുന്ന സമാപന യോഗത്തിൽ ഡോക്യുമെന്ററി അവാർഡുകൾ പ്രഖ്യാപിച്ചു വിതരണം ചെയ്യും. 
ഇൻസൈറ്റിന്റെ പ്രഥമ ഗാനദൃശ്യ അവാർഡുകളും ഇതേ യോഗത്തിൽ വിതരണം ചെയ്യും. ചലച്ചിത്ര നിരൂപകൻ പി. കെ. സുരേന്ദ്രൻ, ഡോക്യുമെന്ററി സംവിധായകൻ രാജേഷ് ജെയിംസ് എന്നീ ഡോക്യുമെന്ററി ജൂറി അംഗങ്ങളും, ഗാന ദൃശ്യ അവാർഡ് ജൂറി അംഗങ്ങളായ ചലച്ചിത്ര സംവിധായകൻ  ഫാറൂഖ് അബ്ദുൽ റഹിമാൻ, ഗാന രചയിതാവ്  റഫീക്ക് അഹമ്മദ്, സംഗീത സംവിധായകൻ  ബിജിബാൽ എന്നിവരും സന്നിഹിതരായിരിക്കും.
തുടർന്നു നടക്കുന്ന മോഹനസ്മൃതിയിൽ ഇൻസൈറ്റ് അവാർഡ് ജേതാക്കളായ ടി. കൃഷ്ണനുണ്ണി,  വേണുഗോപാൽ എന്നിവരടക്കം ചലച്ചിത്ര ലോകത്തെ  പ്രമുഖർ  അന്തരിച്ച ചലച്ചിത്രസംവിധായകൻ കെ. ആർ. മോഹനനെ അനുസ്മരിക്കും. 
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇൻസൈറ്റിന്റെ  www.insightthecreativegroup.com     എന്ന വെബ്സൈറ്റ് വാളിൽ തത്സമയം ഓൺലൈൻ ആയി മേള കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 944600373 / 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ. ആർ. ചെത്തല്ലൂർ, സി.കെ. രാമകൃഷ്ണൻ, കെ. വി. വിൻസെന്റ്, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻകുട്ടി എന്നിവരാണ് മേളയ്ക്കു  നേതൃത്വം നൽകുന്നത്.