പലരിലൂടെ പല ഇടങ്ങളിലൂടെയുള്ള പാച്ചുവിന്‍റെ യാത്രകള്‍; കുടുംബങ്ങൾക്ക് ആഘോഷമായി 'പാച്ചുവും അത്ഭുത വിളക്കും' റിവ്യൂ വായിക്കാം

ഒരു യുവാവിന്‍റെ പല പല സ്ഥലങ്ങളിലൂടെയുള്ള പല പല മനുഷ്യരിലൂടെയുള്ള യാത്രകളാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം. ആ യാത്രകൾക്കിടയിൽ അയാളുടെ ജീവിതം മാറ്റുന്നൊരു അത്ഭുത വിളക്ക്. ആ അത്ഭുത വിളക്ക് വഴിവെളിച്ചമാകുന്ന മറ്റുചിലർ, അവരുടെയൊക്കെ കഥ പറഞ്ഞിരിക്കുകയാണ് 'പാച്ചുവും അത്ഭുത വിളക്കും'. പ്രശാന്ത് (പാച്ചു) എന്ന കഥാപാത്രമായി തികച്ചും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ നടത്തിയിരിക്കുന്നത്. കൂടാതെ മുകേഷ്, ഇന്നസെന്‍റ്, അൽത്താവ് സലീം, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, ശാന്തി കൃഷ്ണ, നന്ദു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് സമ്പന്നാണ് ചിത്രം.
ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഫഹദിന്‍റെ മറ്റ് ജോണർ സിനിമകളെ അപേക്ഷിച്ച് ഫാമിലി എന്‍റര്‍ടെയ്നർ സ്വഭാവത്തിൽ ഇറങ്ങിയിരിക്കുന്ന സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. പാച്ചു എന്ന ഓമനപ്പേരിൽ അടുപ്പമുള്ളവർ വിളിക്കുന്ന പ്രശാന്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. മുംബൈയിൽ ആയുർവേദ ഫാർമസി ഫ്രഞ്ചൈസി ഏറ്റെടുത്ത് നടത്തുകയാണിയാള്‍. 34 വയസ്സായെങ്കിലും അവിവാഹിതനായി തുടരുന്ന ഇയാൾക്ക് വേണ്ടി പെണ്ണന്വേഷിക്കുന്ന തിരക്കിലുമാണ് വീട്ടുകാര്‍.
ഒരു ബിസിനസ്സ് ആവശ്യത്തിനായി ഒരുദിവസം അയാള്‍ക്ക് നാട്ടിലേക്ക് വരേണ്ടി വരുന്നു. ശേഷം മുംബൈയിലേക്ക് തിരിച്ചു പോകുമ്പോൾ അയാളുടെ മുംബൈയിലെ കടമുറിയുടെ ഉടമയുടെ അമ്മയെയും നാട്ടിൽ നിന്ന് ഒപ്പം കൂട്ടേണ്ടി വരുന്നു. ആ യാത്രയിൽ അയാളുടെ ജീവിതം തന്നെ മാറി മറിയുകയാണ്. ഈ ഒരു കഥാഗതിയിലുള്ള ഏറെ ലീനിയർ ആയ കഥ പറച്ചിലാണ് പാച്ചുവും അത്ഭുതവിളക്കിന്‍റേയും.
ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന പാച്ചു എന്ന കഥാപാത്രത്തെ ചുറ്റി പറ്റി തന്നെയാണ് സിനിമ നീങ്ങുന്നത്. ഫഹദിനോടൊപ്പം അൽത്താഫ് സലീം, മുകേഷ്, ഇന്നസെന്‍റ് എന്നിവരുടെ കോമ്പിനേഷൻ സീനുകളും ചിരി പടർത്തുന്നതാണ്. ആദ്യ പകുതി മുഴുവൻ കോമഡി ട്രാക്കിൽ നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിൽ ഇമോഷണൽ ട്രാക്കിലേക്ക് മാറുകയാണ്. റിയാസ് എന്ന കഥാപാത്രമായി വിനീത്, ലൈല എന്ന ഉമ്മയായി വിജി വെങ്കടേഷ്, ഹംസധ്വനിയായി അഞ്ജന ജയപ്രകാശ്, നിധിയായി ധ്വനി രാജേഷ് തുടങ്ങിയവരുടെ പ്രകടനവും സിനിമയുടെ മുതൽക്കൂട്ടാണ്. കൂടാതെ രസിപ്പിക്കുന്ന കൗതുകം ജനിപ്പിക്കുന്ന ചില കാമിയോ റോളുകളും ചിത്രത്തിലുണ്ട്.
മുംബൈയിലും കേരളത്തിലും ഗോവയിലുമായാണ് സിനിമയുടെ ലൊക്കേഷനുകള്‍. ശരൺ വേലായുധൻ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങൾക്ക് സിനിമയിൽ വലിയ പ്രാധാന്യമാണുള്ളത്. വൈകാരികമായി ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ ജസ്റ്റിൻ പ്രഭാകറിൻ്റെ സംഗീതവും പ്രധാന പങ്കുവിച്ചിട്ടുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തീർച്ചയായും ഈ അവധിക്കാലം പ്രേക്ഷകർക്കൊരു ചിരി വിരുന്ന് സമ്മാനിച്ചിരിക്കുകയാണ് പാച്ചുവും അത്ഭുതവിളക്കും.