സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

  1. Home
  2. CLIMATE

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

Rain


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്. 
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരേയും കര്‍ണ്ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരേയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിട്ടുണ്ട്. കൂടാതെ കേരള തീരത്ത് നാളെ രാത്രി 11.30 വരെ മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുകയാണ്. കൂടാതെ ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.