നടിയെ ആക്രമിച്ച കേസ്സിൽ വി. അജയകുമാർ പബ്ലിക് പ്രോസിക്യുട്ടർ, നിയമനം അതിജീവിതയുടെ ആവശ്യപ്രകാരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി വി അജകുമാറിനെ നിയോഗിച്ചു. അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി സുനില്‍കുമാര്‍ തുടരും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. ഹൈക്കോടതിയാണ് സമയം അനുവദിച്ചത്. വെള്ളിയാഴ്ചയ്ക്കുള്ളില് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.നേരത്തെ, തുടരന്വേഷണം നീട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വരെ സമയം വേണമെന്ന് ആവശ്യപ്പെടുകായിരുന്നു. എന്നാല്‍ അത്രയധികം സമയം നല്‍കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചു. ഹാഷ് വാല്യു മാറിയെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അന്ന് പരിഗണിച്ച ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.