മട്ടന്നൂർ ശ്രീരാജ് കൊട്ടികയറിയത് അയ്യപ്പൻറെ തിരു സന്നിധിയിൽ

  1. Home
  2. COVER STORY

മട്ടന്നൂർ ശ്രീരാജ് കൊട്ടികയറിയത് അയ്യപ്പൻറെ തിരു സന്നിധിയിൽ

Matta


ശബരിമല.മേളപ്രിയനായ ശബരിമല അയ്യപ്പന്റെ സന്നിധിയില്‍ കൊട്ടിക്കയറി താളപ്രപഞ്ചം തീര്‍ത്ത് കാണിക്കയേകി യുവതാള വിദ്വാന്മാരായ മട്ടന്നൂര്‍ ശ്രീരാജും ചിറയ്ക്കല്‍ നിതീഷും. സന്നിധാനം നടപ്പന്തലിലെ ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലാണ് ഇരുവരും തായമ്പക വായിച്ചത്. താളങ്ങളുടെ സൂക്ഷ്മ കണക്കുകളെ കൊണ്ടും കൊടുത്തും വാങ്ങിയും പെരുക്കിയും എണ്ണം മുറുക്കിയും ഇരുവരും തീര്‍ത്ത മേളപ്രപഞ്ചം ദര്‍ശനത്തിനെത്തിയ സ്വാമിമാരുടെ ഹ്യദയതാളമേറ്റി.

മുഖവും ചെമ്പട വട്ടവും ചേര്‍ന്ന പതി കാലത്തില്‍ തുടങ്ങി ചെമ്പക്കൂറും അടന്തക്കൂറും കൊട്ടിക്കയറിയതോടെ താളപ്രവേഗത്തിന്റെ വിസ്മയത്തില്‍ ഭക്തരും ആറാടി. ഇടവട്ടത്തില്‍ മുറുകി ഇരികിടയില്‍ ജലിച്ച് ഒടുവില്‍ കൊട്ടിക്കാലാശമായപ്പോള്‍ മഴ പെയ്ത് തോര്‍ന്ന പ്രതീതി. അടിത്തറയും അഴകവും വടിവും വെടിപ്പുമുള്ള താളശില്‍പം ശ്രോതാക്കളുടെ ഉള്ളില്‍ കൊത്തി വച്ചാണ് ഇരുവരും പടിയിറങ്ങിയത്. ഇടന്തലയില്‍ മട്ടന്നൂര്‍ സുധി, ചെറുതാഴം വിഷ്ണു രാജ്, വലന്തലയില്‍ കൊട്ടാരം ബിജു, ഇരിങ്ങാലക്കുട നീരജ്, കാഞ്ഞിരങ്ങാട് അരുണ്‍ രാജ്, ഇലത്താളത്തില്‍ മട്ടന്നൂര്‍ അജിത്, ചെറുതാഴം രാമദാസ്, മട്ടന്നൂര്‍ സജിത്, ചെറുതാഴം കൃഷ്ണദാസ് എന്നിവരും അണി ചേര്‍ന്നു.