ചെർപ്പുളശ്ശേരിയിലെ സമാധാന മതിൽ ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

ചെർപ്പുളശ്ശേരി. SPACE ന്റെ നേതൃത്വത്തിൽ സുരേഷ് കെ നായർ വരച്ച 7000 ചതുരശ്ര അടിയിലുള്ള സമാധാന മതിൽ ജനുവരി 2 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പി പി മമ്മിക്കുട്ടി എം എൽ എ യുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. 100 വർഷം പിന്നിടുന്ന സർക്കാർ ഹൈസ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, ശില്പി സുരേഷ് കെ നായർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. മതിൽ നിർമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകിയത് വിവാദമായിരുന്നു. നിലവിൽ മതിൽ നിറം മങ്ങിയ അവസ്ഥയിലാണ്. ലോക ശ്രദ്ധ ആകർഷിച്ച ഈ മതിൽ ദേശീയ മാധ്യമങ്ങളിൽ വരെ ഇടം പിടിച്ചിരുന്നു. പി കെ ശശി എം എൽ എ ആയ സമയത്ത് നിരവധി സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ സ്കൂളിൽ നിർമിച്ചു നൽകി. മുഖ്യമന്ത്രിയടക്കം സ്കൂളിൽ എത്തിയെങ്കിലും അന്നും മതിൽ ഉദ്ഘാടനം നടത്തിയില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ഇപ്പോഴെങ്കിലും ലോക സമാധാനം വിളിച്ചോതുന്ന മതിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത് ഏറെ സന്തോഷം ഉളവാക്കുന്നതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു